‘നിങ്ങളുടെ ചായയിൽ ഉപ്പുണ്ടോ?’; അല്പം ചേർത്താൽ രുചി കൂടുമെന്ന് രസതന്ത്രജ്ഞ!

January 30, 2024

ഏറെ ജനപ്രിയമായ പാനീയങ്ങളിൽ ഒന്നാണ് ചായ. ചിലർക്ക് ദിവസം തുടങ്ങണമെങ്കിലും അവസാനിപ്പിക്കണമെങ്കിലും ചായ കൂടിയേ തീരൂ. കുറഞ്ഞത് ദിവസവും രണ്ട് ചായ എങ്കിലും പലർക്കും നിർബന്ധവുമാണ്. ഇനി ചായ കുടിയിലും വ്യത്യസ്തതകൾ ഏറെയാണ്. ചിലർക്ക് തങ്ങളുടെ ചായയിൽ ഏലയ്ക്ക, ഇഞ്ചി, ഗ്രാമ്പു തുടങ്ങിയവ ചേർത്ത് ഉണ്ടാക്കുന്ന മസാല ചായയാണ് പ്രിയം. (Chemist says adding salt to tea enhances taste)

മറ്റ് ചിലർക്ക് പാലും, വെള്ളവും പഞ്ചസാരയും കൃത്യമായ കടുപ്പവും ചേരുമ്പോഴാണ് ആസ്വദിക്കാൻ കഴിയുക. പാല് കുറിച്ചും കടുപ്പം കൂട്ടിയുമൊക്കെ അങ്ങനെ എത്രയെത്ര ഇഷ്ടങ്ങളാണ് പലർക്കും. എന്നാൽ നമ്മളാരും വിചാരിക്കാത്ത മറ്റൊരു ചേരുവയിലൂടെ ചായയുടെ സ്വാദ് കൂട്ടാനാകുമെന്നാണ് ഒരു രസതന്ത്രജ്ഞ പറയുന്നത്. പറഞ്ഞെന്ന് മാത്രമല്ല പിന്നാലെ നിരവധി വിവാദങ്ങളിലേക്കും ഇത് വഴി തുറന്നു.

യുഎസിൽ നിന്നുള്ള ഒരു ശാസ്ത്രജ്ഞയായ മിഷേൽ ഫ്രാങ്ക്, “സ്റ്റീപ്പ്ഡ്: ദി കെമിസ്ട്രി ഓഫ് ടീ” എന്ന തൻ്റെ പുസ്തകത്തിലാണ് ഒരു കപ്പ് ചായയ്ക്ക് ഒരു നുള്ള് ഉപ്പ് ആവശ്യമാണെന്ന് അവകാശവാദം ഉയർത്തിയത്. ചായയിൽ ഉപ്പ് ചേർക്കുന്നത് അതിന്റെ കയ്പ്പ് ഇല്ലാതാക്കാൻ ആണെന്നാണ് മിഷേൽ പറയുന്നത്. ഉപ്പ് ചേർക്കുന്നത് മാത്രമല്ല വേറെയും നിർദേശങ്ങൾ മിഷേൽ മുന്നോട്ട് വെച്ചിട്ടുണ്ട്.

Read also: കാപ്പി കുടിച്ച് സങ്കടങ്ങൾ മറക്കാം; ഇത് വെറൈറ്റി കോഫി ഷോപ്പ്!

പ്രധാനമായി, ചായ ഒഴിക്കുന്നതിന് മുൻപ് കപ്പ് ചൂടാക്കിയാൽ ആന്റി ഓക്ക്സിഡന്റുകളുടെയും കഫിനിന്റെയും അളവ് വർധിക്കുമെന്നാണ് മിഷേൽ അവകാശപ്പെടുന്നത്. മാത്രമല്ല, തെയില വെള്ളം ആദ്യം തിളപ്പിച്ച് അതിലേക്ക് പാലൊഴിക്കുന്നതാണ് ഉത്തമം എന്നും അവർ പറയുന്നുണ്ട്. ചായ എല്ലായ്‌പ്പോഴും ചൂടോടെ തന്നെ കുടിക്കണമെന്നും തണുത്ത ചായ കുടിക്കുന്നതിനോട് തനിക്ക് എതിർപ്പാണെന്നും മിഷേൽ കൂട്ടിച്ചേർത്തു.

മിഷേൽ ഉന്നയിച്ച അവകാശവാദങ്ങളിൽ കടുത്ത എതിർപ്പുകളുമായി ലണ്ടനിലെ യുഎസ് എമ്പസ്സി ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

Story highlights: Chemist says adding salt to tea enhances taste