ഉപേക്ഷിക്കപ്പെട്ട കണ്ടെയ്നർ രൂപമാറ്റംവരുത്തി മനോഹരമായ വീടാക്കി മാറ്റി യുവാവ്- ചിത്രങ്ങൾ

June 15, 2023

പരിമിതികളെ കുറ്റം പറയുന്നവർക്കിടയിൽ ജീവിക്കുന്ന ഇടം മനോഹരമാക്കി മാറ്റുന്നവരുമുണ്ട്. ഒറ്റമുറി വീടും സ്വർഗ്ഗമാക്കി മാറ്റുന്നവർ പൊതുവെ ഇന്ത്യയിൽ കുറവാണ്. വിദേശരാജ്യങ്ങളിൽ പക്ഷെ, ഇത്തരം കാഴ്ചകൾ സാധാരണമാണ്. അവർ ആഡംബര വീടുകൾ ഒരുക്കുന്നത് പോലും കണ്ടെയ്നറുകളിലൊക്കെയാണ്. ഇപ്പോഴിതാ, അത്തരത്തിൽ കണ്ടെയ്നറിൽ മനോഹരമായ ഒരു വീട് ഒരുക്കി താരമാകുകയാണ് 28 വയസുകാരനായ ഹാരിസൺ മാർഷൽ.

കലാകാരനായ ഇദ്ദേഹം ഒരു ഡംപ്സ്റ്റർ രൂപമാറ്റം വരുത്തിയാണ് വീടാക്കി മാറ്റിയത്. ലണ്ടനിൽ കയ്യിലുള്ള പണത്തിന് ഉതകുന്ന തരത്തിൽ വീട് കിട്ടാതെ വന്നപ്പോഴാണ് ഹാരിസൺ ഇത്തരത്തിലൊരു ഐഡിയ സ്വീകരിച്ചത്. അഞ്ചു ലക്ഷം രൂപ മാത്രമാണ് മൊത്തത്തിൽ ഈ ഡംപ്സ്റ്റർ മാറ്റം വരുത്തിയെടുക്കുന്നതിനായി ചെലവായത്.

സെൻട്രൽ അമേരിക്കയിലും സൗത്ത് ഏഷ്യയിലും ജീവിച്ചതിനു ശേഷമാണ് ഹാരിസൺ ലണ്ടനിൽ എത്തിയത്. എന്നാൽ, ബഡ്‌ജറ്റ്‌ അനുസരിച്ച് ഒരു വാടക വീട് ലഭിക്കാതെയായതോടെയാണ് ഹാരിസൺ ഇങ്ങനെയൊരു വഴി കണ്ടെത്തിയത്. അങ്ങനെയുള്ള ഡംപ്സ്റ്റർ ലണ്ടനിൽ ഒരു പൊതുവായുള്ള കാഴ്ച്ചയാണ്. അതിനാൽ അവ ലഭിക്കാനും എളുപ്പമായിരുന്നു. സ്കിപ്പ് എന്നാണ് ഹാരിസൺ ഇവയ്ക്ക് പേരിട്ടിരിക്കുന്നത്. തെക്കുകിഴക്കൻ ലണ്ടനിലെ ബെർമണ്ട്സെയിലാണ് ഹാരിസണിന്റെ സ്കിപ്പ് സ്ഥിതി ചെയ്യുന്നത്.

Read Also: ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!

ഈ 28-കാരൻ ഡംപ്സ്റ്റർ ഹോം സ്വയം രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത് ഏഴ് വർഷത്തെ ഡിസൈനിലും നിർമ്മാണ പ്രോജക്റ്റുകളിലും പ്രവർത്തിച്ച പരിചയത്തിലൂടെയാണ്.

Story highlights- artist converts dumpster into home