‘എല്ലാവരുടെയും പ്രാർത്ഥനയ്ക്ക് നന്ദി, കുഴപ്പങ്ങളൊന്നുമില്ല’- ആശുപത്രിവിട്ട് ബിനു അടിമാലി

June 10, 2023

കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി ആശുപത്രി വിട്ടു. എറണാകുളം മെഡിക്കൽ ട്രസ്റ് ആശുപത്രിയിലാണ് ബിനു അടിമാലി ചികിത്സ തേടിയത്. പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദിയും ബിനു അടിമാലി അറിയിച്ചു.

നടക്കുന്നതിനൊന്നും പ്രശ്നമില്ലെന്നും നടന്നാണല്ലോ വാഹനത്തിൽ കയറിയതെന്നും ബിനു അടിമാലി പറയുന്നു. അതേസമയം, കൊല്ലം സുധി ഹാസ്യലോകത്ത് നികത്താനാകാത്ത നഷ്ടമായാണ് വിടപറഞ്ഞിരിക്കുന്നത്. ഒട്ടേറെ വേദികളിൽ ഇനിയും ചിരി നിറയ്ക്കാൻ ബാക്കിയാക്കി, ഒരുപാട് സ്നേഹിതർക്ക് നൊമ്പരമായാണ് ഈ വേർപാട്. ഫ്‌ളവേഴ്‌സ് ടി വിയിലെ സ്റ്റാർ മാജിക്കിലൂടെ ആരാധകരെ സമ്പാദിച്ച കൊല്ലം സുധി അവസാനമായി വേദി പങ്കിട്ടതും സ്റ്റാർ മാജിക് താരങ്ങൾക്കൊപ്പം 24 കണക്റ്റ് സമാപന വേദിയിൽ ആയിരുന്നു.

അതേസമയം, കൊല്ലം സുധിയുടെ മരണത്തിനു കാരണമായ അപകടത്തിൽ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർക്കും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ പരിചരണത്തിൽ തുടർന്നിരുന്ന ഇരുവരുടെയും വിവരങ്ങൾ സ്റ്റാർ മാജിക് സംവിധായകനായ അനൂപ് ജോണും നടൻ ബിനീഷ് ബാസ്റ്റിനും പങ്കുവയ്ക്കാറുണ്ടായിരുന്നു.

Read Also: ഓപ്പറേഷൻ വിജയകരമായി; അപകടത്തിൽ പരിക്കേറ്റ മഹേഷിന്റെ ആരോഗ്യനില പങ്കുവെച്ച് ബിനീഷ് ബാസ്റ്റിൻ

അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരിക്കേറ്റത്. മഹേഷിന്റെ ഓപ്പറേഷൻ വിജയകരമായി എന്ന് ബിനീഷ് ബാസ്റ്റിൻ പങ്കുവെച്ചിരുന്നു. ‘കൊല്ലം സുധി ചേട്ടൻറെ കൂടെ വാഹനാപകടത്തിൽപ്പെട്ട പ്രിയപ്പെട്ട മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷൻ കഴിഞ്ഞു കുഴപ്പമൊന്നുമില്ല..’-ബിനീഷ് കുറിക്കുന്നു.

Story highlights- binu adimali discharged