‘ആ ചെറുപ്പക്കാരൻ ഒരു കൊച്ചുകുട്ടിയായി, ചെറിയ കാര്യങ്ങൾ ഒന്നും അത്ര ചെറുതല്ല…!’- കുറിപ്പുമായി ചന്തു സലിംകുമാർ
ബന്ധങ്ങൾ സിനിമാലോകത്ത് വളരെ പ്രധാനമാണ്. അതുപോലെ തന്നെ നിസാരവുമാണ്. അടുപ്പങ്ങളൊന്നും അത്രകണ്ട് യാഥാർഥ്യമല്ലാത്ത സിനിമയിലെ ഒരു അമൂല്യ ബന്ധത്തെകുറിച്ച് പങ്കുവയ്ക്കുകയാണ് നടൻ സലിംകുമാറിന്റെ മകൻ ചന്തു. നടനും സംവിധായകനുമായ ലാലിനെ കുറിച്ചാണ് ചന്തു പറയുന്നത്. വർഷങ്ങൾക്ക് മുൻപുള്ള ചിത്രവും അടുത്തിടെ പകർത്തിയ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് ചന്തു സലിംകുമാർ ഒരു അനുഭവക്കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്.
’23 വർഷങ്ങൾക്ക് മുൻപ്, തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം റിനയിസ്സൻസ് ഹോട്ടലിൽ നടക്കുന്നു…ആദ്യമായി ഒരുപാട് ആളുകളെ ഒരുമിച്ചു കാണുന്നതിന്റെ ഭയപ്പാടിൽ, മാറിയിരുന്നിരുന്ന ആ കൊച്ചുകുട്ടിയെ, ഒരാൾ എടുത്തുകൊണ്ട് വന്ന് മടിയിൽ ഇരുത്തി ഫോട്ടോ എടുപ്പിച്ചു….23 വർഷങ്ങൾക്ക് ശേഷം..മഞ്ഞുമ്മൽ ബോയ്സിന്റെ പൂജ കൊടൈക്കനാലിൽ നടക്കുന്നു..ആദ്യമായി ഒരു സിനിമയിൽ മുഴുനീള കഥാപാത്രം ചെയ്യുന്നതിന്റെ പേടിയും, പിരിമുറുക്കവും എല്ലാം പ്രകടിപ്പിച്ചു നിൽക്കുന്ന ആ ചെറുപ്പക്കാരനെ, ഒരു കൊച്ചുകുട്ടിയെ പോലെന്നോണം…അന്നും ഒരാൾ അടുത്തേക്ക് വിളിച്ചു നിർത്തി ഫോട്ടോ എടുപ്പിച്ചു…അന്ന് ആ ചെറുപ്പക്കാരൻ ഒരു കൊച്ചുകുട്ടിയായി…!’ഇതൊക്കെ ചെറിയ കാര്യങ്ങൾ അല്ലേ ? ഇതൊക്കെ ഇത്ര വലിയ കാര്യമാണോ ? ചെറിയ കാര്യങ്ങൾ ഒന്നും അത്ര ചെറുതല്ല…!’- ചന്തു കുറിക്കുന്നു.
വെള്ളിത്തിരയിൽ ചിരിയുടെ മേളം തീർക്കുന്ന നടനാണ് സലിംകുമാർ. ഹാസ്യ കഥാപാത്രങ്ങൾക്ക് പുറമെ കണ്ണുനിറയിച്ച പ്രകടനങ്ങളും സലിംകുമാർ മലയാളികൾക്ക് സമ്മാനിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ സലിംകുമാറിന്റെ മക്കളും ചെറുപ്പം മുതൽ പ്രേക്ഷകരുടെ പ്രിയം നേടിയവരാണ്.
Read Also: മരണം മുന്നിൽകണ്ട അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കി മകൻ- ഉള്ളുതൊട്ടൊരു കാഴ്ച
മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായ താരം ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ നായക കഥാപാത്രമായി സലീം കുമാര്‍ അരങ്ങേറ്റം കുറിച്ചു. ‘ആദാമിന്റെ മകന് അബു’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2010-ല്‍ സലീം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും 2010-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
Story highlights- chandu salimkumar about lal