ആനകൾക്ക് സുരക്ഷിതമായി പാളം മുറിച്ച് കടക്കാൻ സൗകര്യമൊരുക്കി ആസാം വനംവകുപ്പ്-വിഡിയോ

June 1, 2023

ആനകളുടെ കൗതുകരമായ വാർത്തകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അവയുടെ യാത്രകളും കുസൃതികളും ഹൃദയം തൊടുന്ന കഥകളുമെല്ലാം വളരെയേറെ പ്രേക്ഷകപ്രിയമുള്ളവയാണ്. ആനകൾ പൊതുവെ ഉയർന്ന ബുദ്ധിശക്തിയുള്ള ജീവികളുമാണ്. എന്നാൽ, അവയുടെ സുരക്ഷ പലപ്പോഴും അപകടത്തിലാകാറുണ്ട്. വനമേഖലയിലൂടെ റോഡുകളും റെയിൽവേ പാളങ്ങളൂം കടന്നുപോകുമ്പോൾ പല അപകടങ്ങളും ഇവയ്ക്ക് സംഭവിക്കാറുണ്ട്.

ഇപ്പോഴിതാ, അത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ആസാം വനംവകുപ്പ് ഒരുക്കിയ ഒരു മാർഗം ശ്രദ്ധനേടുകയാണ്. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ ആനകൾ എങ്ങനെ പരിക്കേൽക്കുന്നുവെന്ന് കാണിക്കുന്ന നിരവധി വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. മിക്ക സമയത്തും ലോക്കോ പൈലറ്റുമാർ ബ്രേക്ക് ചവിട്ടിയെങ്കിലും ആനകൾക്ക് രക്ഷപെടാൻ സാധിച്ചിട്ടില്ല. റെയിൽവേ ട്രാക്കുകളുടെ വിവിധ ഭാഗങ്ങളിൽ ക്രോസിംഗുകൾ സ്ഥാപിച്ച് വർധിച്ചുവരുന്ന അപകടങ്ങൾ തടയാൻ അധികൃതർ ശ്രമിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, ഇവരെ സഹായിക്കാനും സുരക്ഷിതരാക്കാനുമുള്ള നൂതന മാർഗവുമായി ആസാം വനംവകുപ്പ് എത്തിയിരിക്കുന്നു. ഐഎഫ്‌എസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ, ആനക്കൂട്ടത്തിന് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ റാമ്പ് ഉണ്ടാക്കിയിരിക്കുന്നത് കാണിക്കുന്നു.

Read Also: സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

‘ഡീപോർ ബീലിൽ നിന്ന് റാണി റിസർവ് ഫോറസ്റ്റിലേക്കുള്ള ആനക്കൂട്ടം മിക്കിർപാറ കോറിഡോർ മുറിച്ചുകടക്കുന്നു’ എന്നാണ് ക്യാപ്ഷൺ നൽകിയിരിക്കുന്നത്. റെയിൽപാളങ്ങളിലെ ആനകളുടെ മരണം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗം എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ ഇത് പങ്കുവെച്ചത്.

Story highlights- effective way of helping elephants to cross railway line