ഈ സിനിമയിലെ എന്റെ അവസാന ഷോട്ട്: വിശേഷം പങ്കുവെച്ച് ഹരീഷ് പേരടി

മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ലെ ചിത്രീകരണം പൂർത്തിയാക്കി ഹരീഷ് പേരടി. ലാലേട്ടനൊപ്പമുള്ള ഈ സിനിമയിലെ തന്റെ അവസാനത്തെ ഷോട്ടും പൂർത്തിയായെന്ന് ഹരീഷ് പേരടി സമൂഹമാധ്യമത്തിൽ കുറിച്ചു. ആറ് മാസമായി താൻ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിൽ ആയിരുന്നുവെന്നും കുറിപ്പിൽ അദ്ദേഹം പറയുന്നു.
‘‘ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ, ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു. ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ. ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്…ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങൾ എന്ന മനുഷ്യരെയും ഒന്നും വേർതിരിക്കാൻ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പര ബഹുമാനത്തിന്റെ സ്നേഹമുഹൂർത്തം …ലാലേട്ടാ.’’– എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ
ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിൽ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ മാസം ചിത്രീകരണം അവസാനിക്കും. അഞ്ചു മാസത്തോളം പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളുണ്ടാകും. ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസസ്, ഡാനിഷ് സേഠ്, സൊണാലി കുൽക്കർണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.
വിദേശ താരങ്ങളടക്കം അണിനിരക്കുന്ന സിനിമ ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പി.എസ്.റഫീഖിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍.
Story highlights – Hareesh Peradi about Malaikottai Valiban movie