ഇന്ത്യയിൽ ആദ്യമായി ‘സ്ത്രീ സൗഹൃദ ടൂറിസം ആപ്പ്’; കേരളത്തിന് ഇത് നേട്ടം

June 14, 2023

വിനോദസഞ്ചാര മേഖലയെ സമ്പൂര്‍ണമായി സ്ത്രീസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ത്രീ സൗഹൃദ ടൂറിസം ആപ്പ്. ഉത്തരാവദിത്വ ടൂറിസം മിഷനാണ് ആപ്പിന്റെ നോഡല്‍ ഏജന്‍സി. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. ആപ്പിൽ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ക്ക് കൂടാതെ വനിതകളായ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള സമ്പൂര്‍ണ വിവരങ്ങളും ആപ്പിലുണ്ടാവും. കൂടാതെ കേരളത്തിലെ ഒന്നരലക്ഷത്തോളം വനിതകളെ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ടൂറിസം മേഖലയില്‍ കൂടുതല്‍ വനിതകള്‍ക്ക് തൊഴിലും ലഭിക്കും.

സ്ത്രീ സൗഹൃദ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, പാക്കേജുകള്‍, അംഗീകൃത വനിത ടൂര്‍ ഓപ്പറേറ്റര്‍മാര്‍, കാരവന്‍ പാര്‍ക്കുകള്‍, ഭക്ഷണശാലകള്‍, ഹെല്‍പ്പ്‌ലൈന്‍ സംവിധാനങ്ങള്‍, ട്രാവല്‍ ഏജന്‍സികള്‍, ഹൗസ്‌ബോട്ടുകള്‍, ക്യാമ്പിങ് സൈറ്റുകള്‍ തുടങ്ങി എല്ലാ വിവരങ്ങളും ആപ്പില്‍ ഉള്‍കൊള്ളിക്കും. ആപ്പ് വിജയകരമായി പൂർത്തിയാക്കാനുള്ള വിവരശേഖരണവും റിസര്‍ച്ചും ഉത്തരവാദ്വ ടൂറിസം മിഷന്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച വനിതകളാണ് വിവരശേഖരണം നടത്താൻ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.

Read More: കരൾരോഗത്തെ തോൽപ്പിച്ചു പുഞ്ചിരിയോടെ ബാല; ചിത്രം പങ്കുവെച്ച് താരം..

പദ്ധതിക്ക് യു.എന്‍ വിമന്‍ ഉള്‍പ്പടെയുള്ള സംഘടനകളുടെ പിന്തുണയുണ്ട്. സ്ത്രീകള്‍ കൂടുതലായി യാത്ര ചെയ്യുന്ന രീതി ഇപ്പോൾ കൂടുതലായി കണ്ടുവരുന്നുണ്ട്. ഒറ്റക്കും കൂട്ടമായും കൂടുതലായി യാത്ര ചെയ്യാൻ വനിതകളെ പ്രേരിപ്പിക്കാനും കേരളത്തിന്റെ ടൂറിസം മേഖലയെ ഇവര്‍ക്ക് സൃഹാര്‍ദപരമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

വിദേശ വനിത സഞ്ചാരികള്‍ ഉള്‍പ്പടെ സഹായകരമാകുന്ന രീതിയിലായിരിക്കും ആപ്പ് സജ്ജീകരിക്കുക. സ്ത്രീകള്‍ തന്ന നേതൃത്വം നല്‍കുന്ന ടൂര്‍ പാക്കേജുകള്‍, ഏജന്‍സികള്‍, സ്ത്രീകള്‍ നിര്‍മ്മിക്കുന്ന കരകൗശല-ഭക്ഷണ ഉത്പന്നങ്ങള്‍ എന്നിവയിലേക്ക് നയിക്കുന്ന ലിങ്കുകളും ആപ്പിലുണ്ടാകും.

Story highlights- Kerala to launch mobile app to promote women-friendly tourism