ഓപ്പറേഷൻ വിജയകരമായി; അപകടത്തിൽ പരിക്കേറ്റ മഹേഷിന്റെ ആരോഗ്യനില പങ്കുവെച്ച് ബിനീഷ് ബാസ്റ്റിൻ

June 8, 2023

കൊല്ലം സുധിയുടെ മരണത്തിനു കാരണമായ അപകടത്തിൽ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർക്കും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ പരിചരണത്തിൽ തുടരുന്ന ഇരുവരുടെയും വിവരങ്ങൾ സ്റ്റാർ മാജിക് സംവിധായകനായ അനൂപ് ജോണും നടൻ ബിനീഷ് ബാസ്റ്റിനും പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ, മഹേഷ് കുഞ്ഞുമോന്റെ ആരോഗ്യനില പങ്കുവയ്ക്കുകയാണ് ബിനീഷ് ബാസ്റ്റിൻ.

അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരിക്കേറ്റത്. ഇന്നായിരുന്നു മഹേഷിന്റെ ഓപ്പറേഷൻ. അത് വിജയകരമായി എന്ന് പങ്കുവെച്ചിരിക്കുകയാണ് ബിനീഷ് ബാസ്റ്റിൻ. ‘കൊല്ലം സുധി ചേട്ടൻറെ കൂടെ വാഹനാപകടത്തിൽപ്പെട്ട പ്രിയപ്പെട്ട മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷൻ കഴിഞ്ഞു കുഴപ്പമൊന്നുമില്ല..’-ബിനീഷ് കുറിക്കുന്നു.

അതേസമയം, കൊല്ലം സുധി ഹാസ്യലോകത്ത് നികത്താനാകാത്ത നഷ്ടമായാണ് വിടപറഞ്ഞിരിക്കുന്നത്. ഒട്ടേറെ വേദികളിൽ ഇനിയും ചിരി നിറയ്ക്കാൻ ബാക്കിയാക്കി, ഒരുപാട് സ്നേഹിതർക്ക് നൊമ്പരമായാണ് ഈ വേർപാട്. ഫ്‌ളവേഴ്‌സ് ടി വിയിലെ സ്റ്റാർ മാജിക്കിലൂടെ ആരാധകരെ സമ്പാദിച്ച കൊല്ലം സുധി അവസാനമായി വേദി പങ്കിട്ടതും സ്റ്റാർ മാജിക് താരങ്ങൾക്കൊപ്പം 24 കണക്റ്റ് സമാപന വേദിയിൽ ആയിരുന്നു.

സ്വന്തമായി ഒരു വീട് എന്ന സ്സ്വപ്നവും ബാക്കിയാക്കിയാണ് കൊല്ലം സുധി വിടപറഞ്ഞത്. പ്രേക്ഷകരെ ഹാസ്യത്തിലൂടെ കയ്യിലെടുത്ത സിനിമാ നടനും ഫ്ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ തിങ്കളാഴ്ച്ച രാവിലെയാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. വടകരയിൽ ട്വന്റിഫോർ കണക്ട് സമാപന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്കും അപകടത്തിൽ പരുക്കേറ്റു. ബിനു അടിമാലി ഇപ്പോൾ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

Story highlights- mahesh kunjumon’s surgery successful says bineesh bastin