ഒരു മെഗാ ക്ലിക്ക്- കുഞ്ചാക്കോ ബോബന്റെ ചിത്രം പകർത്തി മമ്മൂട്ടി

June 21, 2023

സിനിമയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന മമ്മൂട്ടിക്ക് അഭിനയം പോലെ പ്രിയപ്പെട്ടതാണ് ക്യാമറയും. ഫോട്ടോഗ്രഫിയോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടാറുണ്ട്. പലതാരങ്ങൾക്കും മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അടുത്തിടെ മകനും നടനുമായ ദുൽഖർ സൽമാനും മമ്മൂട്ടി പകർത്തിയ തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ, മമ്മൂട്ടിയുടെ മോഡലായിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന ചിത്രവും വിഡിയോയും കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മുൻപ്, കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കും മമ്മൂട്ടിയുടെ ക്യാമറയിൽ പകർന്നിരുന്നു.

അടുത്തിടെ പ്രീസ്റ്റ് ലൊക്കേഷനിൽ വെച്ച് മമ്മൂട്ടി പകർത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങൾ വളരെയധികം ശ്രദ്ധനേടിയിരുന്നു.  ‘ഒരു നിധിയാണ് ഈ ചിത്രങ്ങള്‍’ എന്നു കുറിച്ചുകൊണ്ടാണ് മഞ്ജു വാര്യര്‍ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ലോക്ക് ഡൗൺ കാലത്തും മമ്മൂട്ടി സമയം ചിലവഴിച്ചത് ഫോട്ടോഗ്രഫിയിലൂടെയാണ്.

മമ്മൂട്ടിയുടെ മോഡലാകാൻ സാധിച്ച സന്തോഷം മനോജ് കെ ജയനും പങ്കുവെച്ചിരുന്നു. ‘‘മമ്മൂക്കയ്ക്ക് ഫോട്ടോഗ്രഫി ഒരു ക്രേസ് ആണ്. പല തവണ അദ്ദേഹത്തിൻ്റെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട്. അത് വലിയ സന്തോഷമാണ്,ഭാഗ്യമാണ്. കാരണം, എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും അത് ’- മനോജ് കെ ജയന്റെ വാക്കുകൾ.

Read also: കോട്ടകളും പുരാതന നിർമിതികളും നിറഞ്ഞ പതിനാലാം നൂറ്റാണ്ടിലേക്ക് യാത്രപോകാം; ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമം

ഇത്രയും ടെൻഷനോടെ മറ്റൊരു ക്യാമറയ്ക്കും മുന്നിലും നിന്നിട്ടില്ല എന്ന് പങ്കുവെച്ചുകൊണ്ട് നടി ലെനയും അടുത്തിടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഭീഷ്മപർവ്വത്തിന്റെ പ്രമോഷനിടെയാണ് മമ്മൂട്ടി താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്.

മുൻപ് തന്നെ മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി പ്രിയം പ്രസിദ്ധമാണ്. പുതിയ വീട്ടിൽ പുലർകാലത്തെത്തുന്ന അതിഥികളായ കിളികളെ മമ്മൂട്ടി ക്യാമറയിൽ പകർത്തുന്ന ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു. വെറുമൊരു ഇഷ്ടമല്ല ഫോട്ടോഗ്രഫിയോട് എന്ന് ചിത്രങ്ങൾ കാണുമ്പോൾ വ്യക്തമാകും. പഴയ ഹോബിയാണെന്ന് ഇതെന്ന് ചിത്രം പങ്കുവെച്ച് മമ്മൂട്ടി കുറിച്ചിരുന്നു.

Story highlights- mammootty’s click for kunchacko boban