മഞ്ജു വാര്യർ വീണ്ടും തമിഴിൽ- ആര്യയും ഗൗതം കാർത്തിക്കും നായകന്മാർ

June 21, 2023

തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവും വിജയകരമായ നേട്ടങ്ങൾ സ്വന്തമാക്കിയ നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ശക്തമായ സ്ത്രീ കഥാപത്രങ്ങൾക്ക് ജീവൻ നൽകിയ മഞ്ജു വാര്യർ തനിക്കായി ഒരു ഇടം നേടിയിട്ടുണ്ട്. മഞ്ജുവിന്റെ ഭൂരിഭാഗം സിനിമകളും മലയാള ചലച്ചിത്രമേഖലയിലായിരിക്കെ, ദേശീയ അവാർഡ് നേടിയ ധനുഷ്-വെട്രിമാരൻ ചിത്രം അസുരൻ, അജിത് കുമാറിന്റെ തുനിവ് എന്നീ രണ്ട് ചിത്രങ്ങളിലൂടെ നടി തമിഴ് സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ചു. ഇപ്പോഴിതാ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, മഞ്ജു തന്റെ മൂന്നാമത്തെ തമിഴ് സിനിമയിൽ ഒപ്പുവെച്ചിരിക്കുകയാണ്.

‘Mr X’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യർ ഇനി വേഷമിടുന്നത്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലുള്ളത്. മഞ്ജു വാര്യരെ സ്വാഗതം ചെയ്തുകൊണ്ട് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും മഞ്ജു വാര്യർക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. ഒരു പക്ഷെ തന്റെ രണ്ടാം വരവിൽ ഇത്രത്തോളം ആഘോഷിക്കപ്പെടുന്ന മറ്റൊരു ഇന്ത്യൻ താരമുണ്ടോയെന്ന് സംശയമാണ്. വലിയ പ്രചോദനമായാണ് മഞ്ജു വാര്യരെ നിരവധി ആളുകൾ നോക്കിക്കാണുന്നത്. സ്വപ്‌നങ്ങൾ നേടുന്നതിന് ഒന്നും തടസമല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന താരത്തിന് വലിയൊരു ഇടമാണ് മലയാളി മനസ്സുകളിൽ ഉള്ളത്.

Read Also: കോട്ടകളും പുരാതന നിർമിതികളും നിറഞ്ഞ പതിനാലാം നൂറ്റാണ്ടിലേക്ക് യാത്രപോകാം; ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമം

അതേസമയം, ഇപ്പോൾ ബിഎംഡബ്ല്യുവിന്റെ ഒരു പുതിയ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് താരം. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡൽ ബൈക്കാണ് മഞ്ജു സ്വന്തമാക്കിയത്. ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ തന്നെയാണ് പുതിയ സന്തോഷത്തെ കുറിച്ച് അറിയിച്ചത്. ‘ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു.

Story highlights- Manju Warrier comes on board Arya and Gautham Karthik’s ‘Mr X’