മഴക്കാലത്ത് റോഡ് അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

June 8, 2023

മഴക്കാലമെത്തുകയാണ്. ഈ സമയത്താണ് അപകടങ്ങൾക്കുള്ള സാധ്യതയും. റോഡിൽ അപകടം പതിയിരിക്കുന്ന വേളയിൽ എല്ലാവരും ശ്രദ്ധിക്കേണ്ട പ്രധാന നിർദേശങ്ങൾ പങ്കുവയ്ക്കുകയാണ് കേരള പോലീസ്. നനഞ്ഞ റോഡിൽ എങ്ങനെ വാഹനമോടിക്കണമെന്നും ടയറുകളുടെ പരിചരണവുമെല്ലാം പോലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നു.

മഴക്കാലത്ത് റോഡ് അപകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ് പ്രത്യേകിച്ച് ഇരുചക്ര വാഹന അപകടങ്ങൾ. ജാഗ്രത പുലർത്തിയാൽ മഴക്കാല അപകടങ്ങൾ ഒഴിവാക്കാം.

കാഴ്ച തടസപ്പെടുത്തുന്ന വിധം മഴയും കാറ്റുമുള്ളപ്പോൾ സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോൾ യാത്ര തുടരാം. നനഞ്ഞ റോഡിൽ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നു. മുൻപിലുള്ള വാഹനങ്ങളുമായി കൃത്യമായി അകലം പാലിച്ച് ഡ്രൈവ് ചെയ്യുക.

തേയ്മാനം സംഭവിച്ച ടയറുകൾ മാറ്റുക. തേയ്മാനം സംഭവിച്ച ടയറുകൾ മഴക്കാലത്ത് റോഡ് ഗ്രിപ്പ് കുറയ്ക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യുന്നു. ടയർ പ്രഷർ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോൾ ശ്രദ്ധിക്കണം. വെള്ളക്കെട്ടുള്ള ഭാഗങ്ങൾ എത്രത്തോളം ആഴമുണ്ടെന്ന് അറിയാൻ കഴിയില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ ജാഗ്രത പുലർത്തുക.

വാഹനത്തിന്റെ ബ്രേക്ക് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുക. ബ്രേക്ക് ലൈനറുകൾ മാറാനുണ്ടെങ്കിൽ മാറ്റിയിടുക. ഹെഡ്ലൈറ്റ്, ബ്രേക്ക്ലൈറ്റ്, ഇൻഡിക്കേറ്ററുകൾ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക.
അമിത വേഗത്തിൽ പോകുമ്പോൾ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. വേഗത കുറച്ച് വാഹനമോടിച്ചാൽ ഇത്തരം സാഹചര്യങ്ങളിൽ അപകടം ഒഴിവാക്കാം. വേഗത ക്രമപ്പെടുത്തി വാഹനം ഓടിച്ചാൽ ബ്രേക്ക് ഉപയോഗം കുറയ്ക്കാനും കഴിയും.

Read Also: മഴയെത്തുംമുൻപ്; മഴക്കാല രോഗങ്ങൾ തടയാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നതിനേക്കാൾ എപ്പോഴും നല്ലത്, സ്പീഡ് കുറച്ച് അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്.ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ രണ്ടു കയ്യും ഹാൻഡിലിൽ മുറുക്കെ പിടിച്ച് മാത്രം വാഹനം ഓടിക്കുക. ഒറ്റക്കൈ കൊണ്ടുള്ള അഭ്യാസം ഒഴിവാക്കുക. ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നുണ്ടാകും. ഹെൽമെറ്റ് കൃത്യമായും ധരിക്കുക. ചിൻസ്ട്രാപ് ഇട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

Story highlights- special rain alert by kerala police