മഴയിൽ കിടന്നുകൊണ്ട് ആസ്വദിച്ച് ഒരു കുരുന്ന്- ഹൃദ്യമായ കാഴ്ച

June 1, 2023

പല മാതാപിതാക്കൾക്കും സന്തുഷ്ടരായി കുട്ടികളെ വളർത്തുന്നത് ഒരു വെല്ലുവിളിയാണ്, പ്രത്യേകിച്ച് ഇന്നത്തെകാലത്ത്. കുട്ടികളെ വളർത്തുന്ന രീതിയിലൂടെ തന്നെ അവരെ സന്തോഷവാനായിരിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ മാതാപിതാക്കൾക്ക് കഴിയും. മണ്ണറിഞ്ഞും മഴയറിഞ്ഞും വെയിലറിഞ്ഞുമെല്ലാം അവരെ വളർത്തുമ്പോൾ അച്ഛനമ്മമാരുടെ ഉള്ളിലും സന്തോഷം നിറയും.

ഈ ഡിജിറ്റൽ യുഗത്തിൽ പ്രകൃതിയെ അടുത്തറിയാൻ ഭാഗ്യം സിദ്ധിച്ച കുട്ടികൾ അപൂർവ്വമാണ്. അങ്ങനെയൊരു കുഞ്ഞാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മഴ നനയുകയാണ് ഒരു കുഞ്ഞ്. മഴക്കോട്ടൊക്കെ അണിഞ്ഞാണ് നിൽക്കുന്നതെങ്കിലും കുഞ്ഞിന്റെ സന്തോഷം അതിമനോഹരമാണ്. നിന്നു മഴനനഞ്ഞ് മതിയാകാതെ നിലത്ത് കിടന്നും മഴ ആസ്വദിക്കുകയാണ് ഈ കുറുമ്പൻ.

ഒട്ടേറെ ആളുകൾ വിഡിയോ ഏറ്റെടുത്തുകഴിഞ്ഞു. മഞ്ഞ നിറത്തിലുള്ള റെയിൻ കോട്ട് ധരിച്ച കൊച്ചുകുട്ടി മഴയെ പരമാവധി ആസ്വദിക്കുന്നത് വിഡിയോയിൽ കാണാം. മഴയുടെ അനുഭൂതിയിൽ മയങ്ങി വഴിയിൽ കിടന്നും ആസ്വദിക്കുകയാണ്. നെതർലാൻഡിൽ വച്ചാണ് വിലമതിക്കാനാകാത്ത ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വളരെ ഹൃദ്യമാണ് ഈ കാഴ്ച.

കുട്ടികളുടേതെന്നല്ല, എല്ലാവരുടെയും സന്തോഷം വൈകാരിക ആരോഗ്യത്തിന്റെ ഒരു ഉപോൽപ്പന്നമാണ്. കുഞ്ഞിന് ആശ്വാസം നൽകുന്ന കാര്യങ്ങൾ മുതൽ കുട്ടിയിൽ ശുഭാപ്തിവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കുന്ന കാര്യങ്ങൾ വരെ അവരുടെ സന്തോഷത്തെ സ്വാധീനിക്കുന്നു. ഇത്തരം ചെറിയ കാര്യങ്ങൾപോലും എല്ലാവരിലും നിറയ്ക്കുന്ന സന്തോഷം വലുതാണ്. അപ്പോൾ അത് ആസ്വദിക്കുന്ന കുട്ടികളുടെ അവസ്ഥയോ? അതിനാൽ തന്നെ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ അവരെ മണ്ണറിഞ്ഞു വളർത്താൻ ശ്രമിക്കുക.

Story highlights- toddler enjoying rain