കാഴ്ചനഷ്ടമാകുന്ന മൃഗങ്ങളും, കാലുകളിൽ വൃണങ്ങളോടെ മനുഷ്യരും; ഉറുമ്പുകളെ ഭയന്ന് ഒരു ഗ്രാമം

June 22, 2023

ഒരു ഗ്രാമത്തെ വിറപ്പിച്ചുനിർത്തുന്ന ഉറുമ്പുകൾ. കേൾക്കുമ്പോൾ അമ്പരന്നേക്കാം. നമ്മൾ കാണാത്ത, അറിയാത്ത ഒന്നല്ല ഉറുമ്പുകൾ. വലിയ ഉപദ്രവങ്ങളില്ലാത്ത കണ്ണിൽപെടാൻ പോലും പ്രയാസമുള്ള ഈ ജീവികൾ എങ്ങനെയാണു ഒരു ജനതയ്ക്ക് തന്നെ വെല്ലുവിളി സൃഷ്ടിക്കുന്നത്? എന്നാൽ, തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ കാരന്തുമലയുടെ താഴെ ജീവിക്കുന്നവർ പതിനായിരക്കണക്കിന് ഉറുമ്പുകളുടെ ആക്രമണത്തെ ഭയന്ന് കഴിയുന്നവരാണ്. നിസാരമല്ല, മഞ്ഞ നിറമാർന്ന ചോണനുറുമ്പുകൾ ഈ ജനതയ്ക്ക് നൽകിയ ദ്രോഹങ്ങൾ.

ആസിഡ് സ്പ്രേ ചെയ്യുന്ന ഉറുമ്പുകൾ വിളകൾ നശിപ്പിക്കുന്നതിനും കന്നുകാലികളുടെ മരണത്തിനും കാരണമായിട്ട് ഏതാനും കാലമായി. ഇത് പ്രശ്ന ബാധിത പ്രദേശങ്ങളിലെ താമസക്കാരുടെ ഉപജീവനത്തെ ബാധിച്ചു. മനുഷ്യനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, അലർജിയുണ്ടാക്കുകയാണ് ഇത് ആളുകളിൽ. കന്നുകാലികളും പാമ്പുകളും മുയലുകളും വരെ ഉറുമ്പുകളുടെ ആക്രമണത്തിൽ ചത്തു. ഇവിടെയുള്ള ആളുകളുടെ കാലുകളിലും ജീവൻ ബാക്കിയുള്ള മൃഗങ്ങളുടെ ദേഹത്തും വൃണങ്ങൾ കാണാൻ സാധിക്കും.

ഈ ഗ്രാമങ്ങളുടെ ആവാസവ്യവസ്ഥയെ തകർക്കുകയാണ് ഉറുമ്പുകൾ. ഈ ഉറുമ്പുകൾ ഒരു അധിനിവേശ ഇനമായി അറിയപ്പെടുന്നു. ഇത് തദ്ദേശീയ ആവാസ വ്യവസ്ഥകളെ തകർക്കുകയും ആർത്രോപോഡുകൾ, പക്ഷികൾ, ഉരഗങ്ങൾ, സസ്തനികൾ തുടങ്ങിയ വിവിധ ജന്തുക്കളെ ജീവൻ ഹനിക്കുകയും ചെയ്യുന്നുണ്ട്. ഉറുമ്പുകളുടെ പെരുപ്പം തുടർന്നാൽ ചില ജീവിവർഗങ്ങൾ ഇല്ലാതാകുമെന്ന ആശങ്കയിലാണ് ഇപ്പോഴും ശാസ്ത്രജ്ഞർ.

Read Also: കുട്ടികളിലെ അമിതമായ സ്മാർട്ഫോൺ ഉപയോഗം കരുതലോടെ മാറ്റിയെടുക്കാം

റിപ്പോർട്ടുകൾ അനുസരിച്ച് കാരന്തുമലയുടെ താഴെയുള്ള നൂറുകണക്കിന് ആളുകൾ അടങ്ങുന്ന ഏഴ് ഗ്രാമങ്ങൾ പരിഹരിക്കാനാകാത്ത മഞ്ഞ ഉറുമ്പിന്റെ ശല്യം നേരിടുന്നു.ഈ വനത്തിന് ചുറ്റുമുള്ള മലയോര മേഖലയിലാണ് തമിഴ്നാട്ടിൽ ഉറുമ്പ് ആക്രമണം നടക്കുന്നത്.ഈ പ്രദേശത്തെ ഭൂരിഭാഗം ആളുകളും കന്നുകാലി ഉടമകളും കർഷകരുമാണ്. ഈ ഉറുമ്പുകൾ ആളുകളെയോ മൃഗങ്ങളെയോ കടിക്കുന്നില്ല. പകരം, അവയിലുള്ള ആസിഡ് സ്പ്രേ ചെയ്യുകയാണ് ചെയ്യുന്നത്. മഞ്ഞ ഉറുമ്പ് (Anoplolepis gracilipes) ഗ്ലോബൽ ഇൻവേസീവ് സ്പീഷീസ് ഡാറ്റാബേസ് അടിസ്ഥാനമാക്കിയുള്ള “ലോകത്തിലെ ഏറ്റവും മോശമായ അധിനിവേശ ഏലിയൻ സ്പീഷീസുകളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ്.

Story highlights- yellow crazy ants attack in tamilnadu villages