“ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമ”; പ്രേക്ഷക പ്രീതി നേടി ഭഗവാൻ ദാസന്റെ രാമരാജ്യം

July 21, 2023

മതവും മതചിന്ത കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന സിനിമകൾ മലയാളത്തിൽ നിരവധി ഉണ്ടായിട്ടുണ്ട്. ആ സിനിമകളുടെ കൂട്ടത്തിലെ ഏറ്റവും പുതിയ മികവുറ്റ കൂട്ടി ചേർക്കലാണ് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ സംവിധാനം ചെയ്ത ‘ഭഗവാൻ ദാസന്റെ രാമരാജ്യം’. മതം മനുഷ്യർക്കിടയിൽ തീർക്കുന്ന വിഭാഗിയതയ്ക്കെതിരെ വിരൽ ചൂണ്ടുന്ന ചിത്രം ആദ്യം ദിനം തന്നെ പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കുകയാണ്. ചെറിയ ചെറിയ നർമ മുഹൂർത്തങ്ങളിലൂടെ വലിയ ചിരിയൊരുക്കുന്ന സിനിമ, കണ്ടിറങ്ങുന്ന പ്രേക്ഷകരെ ഒരു നിമിഷം ഇരുത്തി ചിന്തിപ്പിക്കുന്നുമുണ്ട്.

നാട്ടിൻപുറത്തെ അമ്പലവും അവിടെ കാലങ്ങൾക്ക് ശേഷം നടത്താൻ പോകുന്ന ഒരു ബാലെയും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. ജാതിവാൽ ചേർക്കുന്ന മതപരമായ കാഴ്ചപ്പാടുകളിൽ നിന്ന് സംസാരിച്ച് തുടങ്ങുന്ന സിനിമ പ്രേക്ഷക സ്വീകാര്യതയ്‌ക്കൊപ്പം നിരൂപണ പ്രശംസയും സ്വന്തമാക്കുകയാണ്. ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഉൾക്കാമ്പുള്ള തിരക്കഥയാണ്. കഥാപാത്രങ്ങൾക്ക് കൃത്യമായ അവസരം കൊടുക്കുന്ന സിനിമ അഭിനേതാക്കളുടെ തന്മയത്വമുള്ള അഭിനയ പ്രകടനം കൊണ്ടും ശ്രദ്ധേയമാവുകയാണ്. ലാഗുകളൊന്നുമില്ലാതെ വിഷയ കേന്ദ്രീകൃതമായി ചിത്രം അവതരിപ്പിച്ച ചിത്രത്തിന്റെ സംവിധായകനും കയ്യടി അർഹിക്കുന്നുണ്ട്.

Read Also: മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ

മലയാളത്തിലെ എക്കാലത്തെയും മികവാർന്ന നടന്മാരിലൊരാളായ ടി.ജി രവിയുടെ ഭഗവാൻ ദാസൻ എന്ന കഥാപാത്രമാണ് സിനിമയുടെ നട്ടെല്ല്. ബാലെ സംവിധായകനും നടനുമായി താരം അഭിനയ മികവ് പുലർത്തി പ്രേക്ഷക സ്നേഹം പിടിച്ച് വാങ്ങുന്നുണ്ട്. ടി.ജി രവിയ്ക്കൊപ്പം അക്ഷയ് രാധാകൃഷ്ണൻ നന്ദന രാജൻ ഇർഷാദ് അലി തുടങ്ങിയ മികവുറ്റ താര നിരയും ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്. പ്രശാന്ത് മുരളി, മണികണ്ഠൻ പട്ടാമ്പി, വശിഷ്ട് വസു, റോഷ്‌ന ആൻ റോയ്, നിയാസ് ബക്കർ, വിനോദ് തോമസ്, വരുൺ ധാര തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടുന്നു

തീവ്രമായ വിഷയം സംസാരിക്കുന്നതിനൊപ്പം പ്രണയവും സിനിമയിൽ വിഷയമാകുന്നു. മലയാളത്തിൽ ചർച്ചയാക്കപ്പെടേണ്ടേ വിഷയങ്ങൾ തെല്ലും മടിയില്ലാതെ പ്രതിഷേധങ്ങൾ അറിയിച്ച് കൊണ്ട് തന്നെ സിനിമയാക്കപ്പെടുന്നു എന്നതും മലയാള സിനിമയുടെ സുന്ദര കാഴ്ചകളിൽ ഒന്നാണ്. ഇതിനു മുമ്പ് തന്നെ ഹനുമാന് സീറ്റില്ല എന്ന പേരിലിറങ്ങിയ സിനിമയുടെ പോസ്റ്റർ ചർച്ചയാവുകയും ശ്രദ്ധേയമാവുകയും ചെയ്തിരുന്നു.

Story highlights- Bhagavan Dasante Ramarajyam movie review