പത്ത് വയസ്സിനുള്ളിൽ 50 രാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യൻ വംശജയായ പെൺകുട്ടി

July 22, 2023

സഞ്ചരിക്കാൻ നേരവും കാലവുമൊക്കെ നോക്കുന്നവരാണ് നമ്മളിൽ മിക്കവരും. പല കാരണങ്ങൾ കാരണം നമ്മൾ അത് മാറ്റിവെക്കുമ്പോൾ ഒരു പത്ത് വയസുകാരി നമുക്കൊക്കെ മാതൃകയാവുകയാണ്. അദിതി ത്രിപാഠി എന്ന 10 വയസ്സുകാരി ഇതിനകം 50 രാജ്യങ്ങൾ ആണ് തന്റെ മാതാപിതാക്കളോടൊപ്പം സന്ദർശിച്ചത്. അതും ഒരു ദിവസം പോലും സ്‌കൂളിൽ ലീവ് എടുക്കാതെയാണ് അദിതി യാത്ര ചെയ്തത്. യാഹൂ ലൈഫ് യുകെ പറയുന്നതനുസരിച്ച്, സൗത്ത് ലണ്ടനിൽ പിതാവ് ദീപക്കിനും അമ്മ അവിലാഷയ്ക്കുമൊപ്പം താമസിക്കുന്ന അദിതി യൂറോപ്പിലെ ഭൂരിഭാഗം സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. കൂടാതെ നേപ്പാൾ, സിംഗപ്പൂർ, തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ട്.

അദിതിയുടെ മാതാപിതാക്കൾ തങ്ങളുടെ കുട്ടി നന്നായി യാത്ര ചെയ്യുന്ന ഒരു വ്യക്തിയായിരിക്കണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ക്‌ളാസുകളോടൊപ്പം തന്നെ ലോകത്തെ അറിഞ്ഞും വ്യത്യസ്ത സംസ്കാരങ്ങളും ഭക്ഷണങ്ങളും ആളുകളെയും മനസ്സിലാക്കി വേണം അവൾ വളരാൻ എന്ന് അവർ നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെ അവർ അതിനായി ഒരു പ്ലാൻ തയ്യാറാക്കി. അങ്ങനെ എല്ലാ സ്കൂൾ അവധിക്കാലത്തും അവർ യാത്ര ചെയ്യാൻ തീരുമാനിച്ചു. ബാങ്ക് അവധികൾ പോലും പ്രയോജനപ്പെടുത്താൻ തുടങ്ങി. അദിതിയുടെ മാതാപിതാക്കൾ ഒരു വർഷം യാത്രയ്‌ക്കായി 20,000 പൗണ്ട് അതായത് 21 ലക്ഷത്തിലധികം രൂപയാണ് ചെലവാക്കുന്നത്. എന്നാൽ ഇത് ഓരോ പൈസയും വിലമതിക്കുന്നതാണ് എന്നും അവർ പറയുന്നു.

Read Also: ഈ ചിത്രത്തിൽ ആദ്യം കാണുന്നത് നിങ്ങളിലെ ചില സ്വഭാവങ്ങളുടെ സൂചനയോ..? ; സോഷ്യൽ ഇടങ്ങളിൽ കൗതുകമായ ചിത്രം പറയുന്നത്…

“നേപ്പാൾ, ഇന്ത്യ, തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ വ്യത്യസ്‌ത സംസ്‌കാരങ്ങൾ കാണുമ്പോൾ അവൾക്ക് ജിജ്ഞാസയും ആവേശവുമാണ് തോന്നുന്നത്. മൂന്നാം വയസ്സിൽ അവളോടൊപ്പം ഞങ്ങൾ യാത്ര തുടങ്ങിയതാണ്. ഇപ്പോൾ ഞങ്ങൾ അവളെ വെള്ളിയാഴ്ച സ്കൂളിൽ നിന്ന് നേരിട്ട് പിക്ക് ചെയ്യും. ഞായറാഴ്ച രാത്രി 11 മണിക്ക് ഞങ്ങൾ രാത്രി വൈകി വിമാനത്തിൽ തിരികെ വരും. ചിലപ്പോൾ ഞങ്ങൾ തിങ്കളാഴ്ച രാവിലെ എത്തും. അവൾ എയർപോർട്ടിൽ നിന്ന് നേരെ സ്കൂളിലേക്ക് പോകും,” മാതാപിതാക്കൾ കൂട്ടിച്ചേർത്തു.

Story highlights – Indian-Origin Girl, 10, Has Visited 50 Countries Without Missing A School Day