അപകടം കവർന്ന നിറചിരി തിരികെ നേടി മഹേഷ് കുഞ്ഞുമോൻ

July 29, 2023

കൊല്ലം സുധിയുടെ മരണത്തിനു കാരണമായ അപകടത്തിൽ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർക്കും പരിക്കേറ്റിരുന്നു.ഇരുവരും ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരിക്കേറ്റത്. ദീർഘമായ ഒരു സർജറിയിലൂടെ പരിക്കുകൾ ഭേദമാക്കി വിശ്രമത്തിലാണ് മഹേഷ് കുഞ്ഞുമോൻ.

ഇപ്പോഴിതാ, പല്ലുകളോടെ ചിരിതൂകുന്ന പുതിയ ചിത്രം പങ്കുവയ്ക്കുകയാണ് മഹേഷ് കുഞ്ഞുമോൻ. നടൻ സൈജു കുറുപ്പിനൊപ്പമുള്ള ചിത്രമാണ് മഹേഷ് കുഞ്ഞുമോൻ പങ്കുവെച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പഴയതിലും ശക്തമായി തിരികെയെത്തും എന്ന് മഹേഷ് കുഞ്ഞുമോൻ 24 ന്യൂസിനോട് പ്രതികരിച്ചിരുന്നു.

 അനുകരണകലയിൽ വളരെയധികം ശ്രദ്ധ നേടിയ താരമാണ് മഹേഷ് കുഞ്ഞുമോൻ. രാഷ്ട്രീയ നേതാക്കൾക്കും സിനിമ താരങ്ങൾക്കും ഉൾപ്പെടെ നിരവധിപ്പേരുടെ ശബ്ദം വളരെ മനോഹരമായി മഹേഷ് അനുകരിച്ചുകഴിഞ്ഞു. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് സംസാരിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സംഭാഷണം വളരെ രസകരമായ രീതിയിൽ മഹേഷ് അവതരിപ്പിച്ചിരുന്നു.

Read also: 300 വർഷങ്ങൾക്ക് മുമ്പ് താമസം; ഇത് ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്

മിമിക്രി കലാകാരന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് മഹേഷ്. മാസ്റ്റർ സിനിമയുടെ മലയാളം പതിപ്പിൽ വിജയ് സേതുപതിയ്ക്ക് ശബ്ദം നൽകിയതും മഹേഷ് ആയിരുന്നു. കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കോൾഡ് കേസിലാണ് അവസാനമായി മഹേഷ് ഡബ്ബ് ചെയ്തത്. അന്തരിച്ച ചലച്ചിത്രതാരം അനിൽ നെടുമങ്ങാടിന് ചിത്രത്തിൽ ശബ്ദം നൽകിയത് മഹേഷാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് അനിൽ നെടുമങ്ങാട് മരണത്തിന് കീഴടങ്ങിയത്.

Story highlights- mahesh kunjumon’s recovery