അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി- ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വേർപാടിൽ മോഹൻലാൽ

July 7, 2023

പ്രശസ്ത ചിത്രകാരൻ വാസുദേവൻ നമ്പൂതിരി മലപ്പുറത്ത് അന്തരിച്ചു. പ്രായാധിക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. 98 വയസായിരുന്നു. ഒട്ടേറെ മുൻനിര പത്രങ്ങളിലും സിനിമകളിൽ ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. മലയാള സിനിമയിലെ മനോഹരമായ ഒട്ടേറെ കഥാപാത്രങ്ങൾക്ക് രൂപം നൽകിയത് അദ്ദേഹത്തിന്റെ കൈവിരലുകൾ ആയിരുന്നു. ഇപ്പോഴിതാ, നടൻ മോഹൻലാൽ വളരെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

‘ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എൻ്റെ പ്രിയപ്പെട്ട നമ്പൂതിരി സർ. കലാകേരളത്തിന്‌ തന്നെ തീരാ‍നഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ’. മോഹൻലാൽ കുറിക്കുന്നു.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

ഇന്ന് വൈകിട്ട് നടുവട്ടത്ത് വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും. കേരള ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാനായിരുന്ന അദ്ദേഹം തകഴി ശിവശങ്കരപ്പിള്ള, പി കേശവദേവ്, എം ടി വാസുദേവൻ നായർ, വികെഎൻ തുടങ്ങി മലയാളത്തിലെ നിരവധി എഴുത്തുകാർക്കായി നോവലുകളും കഥകളും ചിത്രീകരിച്ചിട്ടുണ്ട്. 1925 സെപ്റ്റംബറിൽ പൊന്നാനിയിൽ ജനിച്ച ആര്ടിസ്റ് നമ്പൂതിരി, ചെന്നൈ ഫൈൻ ആർട്സ് കോളേജിലാണ് വിദ്യാഭ്യാസ പൂർത്തിയാക്കിയത്.

Story highlights- mohanlal about late artist namboothiri