300 വർഷങ്ങൾക്ക് മുമ്പ് താമസം; ഇത് ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്
ലോകത്തിലെ ഏറ്റവും ഏകാന്തമായ വീടാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ചുറ്റും കടലിനാൽ ചുറ്റപ്പെട്ട വിദൂരമായൊരു ദ്വീപിൽ ഏകാന്തമായി നിലകൊള്ളുന്ന ഈ വീടിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ചകളധികവും. ലോക്ക് ഡൗൺ കാലത്ത് താമസിക്കാൻ ഏറ്റവും അനുയോജ്യമായ വീടെന്ന പേരിലാണ് ഐസ്ലാൻഡിലെ എല്ലിസെ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ വീട് ചർച്ചയായി മാറിയത്.
ഇന്ന് ഈ ദ്വീപ് പൂർണ്ണമായും വിജനമാണെങ്കിലും ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ് അഞ്ച് കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. മത്സ്യബന്ധനം, പഫിനുകളെ വേട്ടയാടൽ, കന്നുകാലികളെ വളർത്തൽ എന്നിവയാണ് കുടുംബങ്ങൾ ആശ്രയിച്ചിരുന്നത്. അവസാന താമസക്കാർ 1930കളോടെ ദ്വീപ് വിട്ടുപോയി, അതിനുശേഷം ഈ സ്ഥലം വിജനമായി. ചിത്രങ്ങളിലൂടെ പ്രചരിക്കുന്ന വീട് ഫോട്ടോഷോപ്പ് ആണെന്നും പറയപ്പെടുന്നു. മറ്റൊന്ന്, ഈ വീട് ഒരു കോടീശ്വരൻ നിർമിച്ചതാണെന്നും സോംബി ആക്രമണം പോലെന്തെങ്കിലും ഉണ്ടായാൽ താമസിക്കാൻ വേണ്ടി പണികഴിപ്പിച്ചതാണെന്നും പറയപ്പെടുന്നു. പ്രത്യേകതയുള്ള സ്ഥലങ്ങളെ ചുറ്റിപറ്റി ഇങ്ങനെയുള്ള കഥകളുണ്ടാകുന്നത് സ്വാഭാവികമാണ്.
Read Also: വിറകു കഷ്ണങ്ങളും ഒഴിഞ്ഞ പാത്രങ്ങളും ഉപയോഗിച്ച് നിർമ്മിച്ച ഡ്രംസ് വായിച്ച് ഒരു കുഞ്ഞ്- ഹൃദ്യമായ കാഴ്ച
യഥാർത്ഥത്തിൽ, വൈറൽ ചിത്രത്തിലെ അതിശയകരമായ വീട് 1950കളിൽ ഇവിടുത്തെ ഹണ്ടിംഗ് അസോസിയേഷൻ, പഫിനുകളെ വേട്ടയാടാനുള്ള ഒരു ഇടമായി നിർമിച്ചതാണ്. ദ്വീപിലെ അവരുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു കെട്ടിടം അവർ പണിതിരിക്കുന്നത്.രസകരമായ കാര്യം, ദ്വീപിൽ വൈദ്യുതി, പൈപ്പ് വെള്ളം, ഇൻഡോർ പ്ലംബിംഗ് എന്നിവയില്ല. എന്നാൽ അതിശയകരമായ പ്രകൃതി സൗന്ദര്യമുള്ളതുകൊണ്ട് ഇവയൊന്നും ആവശ്യമുണ്ടെന്നും തോന്നുന്നില്ല. ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്.യാത്രാ കമ്പനികൾ വിനോദസഞ്ചാരികൾക്കായി ഇവിടേക്ക് പകൽ യാത്രകൾ വാഗ്ദാനം ചെയ്യുന്നു.
Story highlights- Mystery of ‘world’s loneliest house’