21 തരം ഇഡ്ഡലി, 21 തരം ചമ്മന്തി, 51 തരം ചായ; ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട സ്‌പോട്ട്

July 18, 2023

ഫുഡ് ടൂറിസം ഇന്നൊരു ട്രെൻഡാണ്. രുചികരമായതും വൈവിധ്യമാർന്നതുമായ ഭക്ഷണം കഴിക്കാൻ എവിടെ വരെയും പോകാൻ നാം തയാറാണ്. ബർഗർ മുതൽ സൂഷിയും നീരാളിയും വരെ മലയാളികളുടെ പ്ലേറ്റിൽ ഇടം നേടിയെങ്കിലും തനി നാടൻ ഭക്ഷണമായ ഇഡ്ഡലിയോടും ചായയോടും മലയാളികൾക്കുള്ള മമത ഒട്ടും കുറഞ്ഞിട്ടില്ല. അക്കൂട്ടത്തിലാണ് നിങ്ങളെങ്കിൽ വിട്ടോ വണ്ടി നേരെ പാലക്കാട്ടേക്ക്. അവിടെ നിങ്ങൾക്കായി കാത്തിരിക്കുന്നത് 21 തരം ഇഡ്ഡലിയും, 21 തരം ചമ്മന്തിയും 51 തരം ചായയുമാണ്.

പാലക്കാട്ടെ വലിയങ്ങാടിയിലെ മാമീസ് കിച്ചണിലാണ് ഈ ഇഡ്ഡലി സദ്യ. ഒരു ഇഡ്ഡലിക്ക് ഒപ്പം 21 തരം ചമ്മന്തിയാണ് വിളമ്പുക. അതുകൊണ്ട് തന്നെ ഇഡ്ഡലി സദ്യയെന്ന് വിളിക്കേണ്ടി വരും ഇതിനെ. പല തരം ചേരുവകൾ ചേർത്തരച്ച കൊതിയൂറും ചട്‌നികൾ കഴിക്കാൻ വേണ്ടി മാത്രം നിരവധി പേരാണ് കേരളത്തിന്റെ പല കോണുകളിൽ നിന്നും ഇവിടെ എത്തുന്നത്. ഇഡ്ഡലിയിലുമുണ്ട് വ്യത്യസ്തത. ചില്ലി ഇഡലി, സ്റ്റിക്ക് ഇഡ്ഡലി, മിനി ഇഡ്ഡലി ഇങ്ങനെ നീളുന്നു ഈ പട്ടിക.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

ഇഡ്ഡലി കഴിക്കാൻ ഇഷ്ടമില്ലാത്തവർ നിരീശരാകേണ്ട. നിങ്ങളൊരു ചായ പ്രേമിയാണെങ്കിലും മാമീസ് കിച്ചണിലേക്ക് വരാം. കാരണം 51 തരം ചയകൾ നിങ്ങൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ബക്കറ്റ് ചായ, മസാല ചായ മുതൽ കോക്കനട്ട് ചായ, ചെമ്പരത്തി ചായ വരെ ഇവിടെ ഒപ്പം കുടിക്കാൻ കിട്ടും.

Story Highlights: palakkad hotel serves types of idly chutney and tea