“ഒടുങ്ങാത്ത ബിരിയാണി കൊതി”; ഓർഡർ ചെയ്തത് 72 ലക്ഷം ബിരിയാണി

July 5, 2023

ബിരിയാണി കൊതിയന്മാർ നമുക്കിടയിൽ നിരവധിയുണ്ട്. സന്തോഷത്തിലും സങ്കടത്തിലും സ്‌ട്രെസ് റിലീഫിനുമൊക്കെ ബിരിയാണിയെ കൂട്ടുപിടിക്കുന്നവരാണ് നമ്മൾ. കൂട്ടത്തിൽ കേമൻ ഹൈദരാബാദി ബിരിയാണിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.

ഇക്കഴിഞ്ഞ വേള്‍ഡ് ബിരിയാണി ഡേയായി ആഘോഷിക്കുന്ന ജൂലൈ രണ്ടിന് ഭക്ഷണ വിതരണ ആപ്പായ സ്വിഗി ഒരു റിപ്പോർട് പുറത്തുവിട്ടിരുന്നു. അതിൽ പറയുന്നത് എന്താണെന്നല്ലേ? കഴിഞ്ഞ ആറു മാസത്തിനിടെ 72 ലക്ഷം ബിരിയാണികളാണ് സ്വിഗി വഴി മാത്രം ഹൈദരാബാദുകാര്‍ വാങ്ങി കഴിച്ചത്.

ഈ കണക്കിലൂടെ ബിരിയാണി പ്രിയർ ഏറ്റവും കൂടുതൽ ഉള്ള സ്ഥലം ഹൈദരാബാദ് ആണെന്നാണ് പറയുന്നത്. ഈ വർഷത്തിലെ ആദ്യ ആറു മാസത്തിലാണ് ഹൈദരാബാദുകാര്‍ 72 ലക്ഷം ബിരിയാണി ഓര്‍ഡറുകള്‍ ചെയ്തിരിക്കുന്നത്. ഇനി ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ ഇത് 1.50 കോടിയായി ഉയരുകയും ചെയ്യും.

Read also: ഗ്രാമീണതയുടെ നാട്ടുപച്ച- ചിത്രങ്ങളുമായി അനുപമ പരമേശ്വരൻ

റിപ്പോര്‍ട്ട് പ്രകാരം ബിരിയാണി കൂട്ടിലെ ഹൈദരാബാദുകാരുടെ ഇഷ്ട ബിരിയാണി ദം ബിരിയാണിയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ ഒമ്പതു ലക്ഷം ദം ബിരിയാണികളാണ് സ്വിഗി വിതരണം ചെയ്തത്. തൊട്ടു പിന്നാലെയായി ബിരിയാണി റൈസാണ് ഉള്ളത്. 7.9 ലക്ഷം ഓര്‍ഡറുകളാണ് ബിരിയാണി റൈസിന് ലഭിച്ചത്. 5.2 ലക്ഷം ഓര്‍ഡറുകളോടെ മിനി ബിരിയാണി മൂന്നാം സ്ഥാനത്തുമുണ്ട്.

എന്നും രുചിക്കൂട്ടിലെ ഇഷ്ട വിഭവം ബിരിയാണിയാണെന്നും ബിരിയാണിയോടുള്ള ഇഷ്ടം കൂടിവരികയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബിരിയാണി ഓര്‍ഡറുകളില്‍ 8.39 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Story highlights- Swiggy delivers 72 lakh biryani orders in the last six months in Hyderabad