“ഇനി എന്നെ പിടിച്ചാ കിട്ടൂല്ല”; മമ്മുക്കയുടെ കൈയ്യിൽ നിന്ന് അവാർഡ് സ്വീകരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് ടൊവിനോ

July 10, 2023

മലയാളികളുടെ പ്രിയനായകനാണ് ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ്. സമൂഹമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമായ ടൊവിനോ തോമസ് ഇപ്പോൾ പങ്കുവെച്ച മമ്മുക്കയുമൊത്തുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. (tovino thomas recieves award from mammootty)

മാഞ്ചസ്റ്ററിൽ ഒരു പുരസ്കാര ചടങ്ങിനെത്തിയതാണ് താരങ്ങൾ. മമ്മൂട്ടിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിക്കുന്ന ചിത്രങ്ങൾ ആണ് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിനുമുമ്പ് കുഞ്ചാക്കോ ബോബനും അവാർഡ് വാങ്ങിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. രമേഷ് പിഷാരി, മഞ്ജു വാര്യർ എന്നിവരെല്ലാം ചടങ്ങിൽ പങ്കെടുക്കാനെത്തി.

Read Also: മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ

അവാർഡ് വേദിയിലെത്തിയ ടൊവിനോയുടെയും മമ്മുക്കയുടെയും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. “മമ്മൂക്കയുടെ കയ്യിൽ നിന്ന് അവാർഡും അനുഗ്രഹവും നേടാനുള്ള ഭാഗ്യമുണ്ടായി. എന്നെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. തന്റേതായ സ്റ്റൈലിൽ ഉയർന്നു വന്ന പ്രതിഭ, അദ്ദേഹത്തിന്റെ കൂടെയുള്ള ഈ നിമിഷം ഇനി ഞാൻ മുന്നോട്ടു കൊണ്ടു പോകും. മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ , ഇനി എന്നെ പിടിച്ചാ കിട്ടൂല്ല,” എന്ന അടിക്കുറിപ്പോടെയാണ്‌ ടൊവിനോ ചിത്രങ്ങൾ പങ്കുവെച്ചത്.

‘ദേവദൂതർ പാടി’ എന്ന ഗാനത്തിന് ചാക്കോച്ചനൊപ്പം ചെറുതായി ചുവട്‌വയ്ക്കുന്ന മമ്മൂട്ടിയുടെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. പതിവ് തെറ്റിക്കാതെയുള്ള മമ്മൂട്ടിയുടെ ലുക്കും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Story highlights- tovino thomas recieves award from mammootty