8 വർഷമായി സോളിഡ് മീൽസ് കഴിച്ചിട്ടില്ല; അപൂർവമായ രോഗാവസ്ഥ വിവരിച്ച് യുകെ ഷെഫ്
നമുക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുക, ഇഷ്ടമുള്ള രുചികൾ തേടിപ്പോവുക ഇതെല്ലാം നമുക്ക് വളരെ നിസാരമായി തോന്നുന്ന കാര്യങ്ങളാണ്. എന്നാൽ ഇതൊന്നും കഴിക്കാൻ പറ്റാത്ത അവസ്ഥയെ കുറിച്ച് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എന്നാൽ യുകെ ആസ്ഥാനമായുള്ള ഒരു ഷെഫ് ആണ് ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ലോറെറ്റ ഹാര്മെസ് എന്ന 31 വയസുകാരി കഴിഞ്ഞ 8 വർഷമായി സോളിഡ് മീൽസ് ഒന്നും തന്നെ കഴിച്ചിട്ടില്ല. എലേഴ്സ് ഡാന്‍ലോസ് സിന്‍ഡ്രോം (ഇഡിഎസ്) എന്ന അപൂര്‍വ രോഗമാണ് ലോറെറ്റയുടെ ഈ അവസ്ഥയ്ക്ക് കാരണം. യുകെയിലെ ഡോര്‍സെറ്റ് സ്വദേശിയാണ് ലൊറേറ്റ.
13 വകഭേദങ്ങളുള്ള, ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന ഈ രോഗം 2015-ലാണ് ഇവർക്ക് സ്ഥിരീകരിച്ചത്. ദഹനം ശരിക്ക് നടക്കാത്തതിനാല്‍ ഖരാഹാരം കഴിച്ചാല്‍ വയറ് വീര്‍ക്കുകയും ദഹനക്കേടുണ്ടാകുകയും ചെയ്യും. അതുകൊണ്ട് ഫീഡിങ് ട്യൂബിലൂടെ ദ്രാവകാവസ്ഥയിലുള്ള ഭക്ഷണമാണ് ഇവർ കഴിക്കുന്നത്. ഒരു ദിവസത്തില്‍ 18 മണിക്കൂറും അവര്‍ ഈ ട്യൂബ് ധരിക്കും.
തനിക്ക് എന്താണ് പറ്റിയതെന്ന് മനസിലാക്കാൻ ഡോക്ടർമാർ വർഷങ്ങളോളം പാടുപെടുകയായിരുന്നുവെന്ന് ലൊറേറ്റ പറയുന്നു. ഒടുവിൽ ഇഡിഎസ് ആണെന്ന ഉത്തരം കിട്ടിയപ്പോൾ ആശ്വാസമായെന്നും അതുകൊണ്ട് തന്നെ അതിനുള്ള പരിഹാരം തേടാൻ സാധിച്ചെന്നും അവർ പറഞ്ഞു. എന്നിരുന്നാലും ഏറെ വിഷമങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങൾ കടന്നുപോയത്. അതിനിടയിൽ ഷെഫ് ആവുക എന്ന അവളുടെ സ്വപ്നം തകരാൻ അവൾ അനുവദിച്ചില്ല.
ഭക്ഷണം മണത്തും തൊട്ടുനോക്കിയുമാണ് ഓരോന്നിന്റേയും രുചി നിര്‍ണയിച്ച് ലോറെറ്റ പാചകവും വികസിപ്പിച്ചെടുത്തത്. ഇത്തരത്തിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ക്ക് ഒട്ടും രുചികുറവില്ലെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. ലോറെറ്റ ഹാർംസ് @the.nil.by.mouth.foodie എന്ന പേരിൽ സ്വന്തം ഇൻസ്റ്റാഗ്രാം പേജും നടത്തുന്നുണ്ട്.
Story Highlights: UK Chef Has Not Eaten Solid Meals For 8 Years Due To Rare Condition