ദേഹമാസകലം ടാറ്റു, പാർലറുകൾ വരെ പ്രവേശനം നിഷേധിച്ചു; ജോലി ലഭിക്കുന്നില്ലെന്ന് പരാതിയുമായി വനിത
ശരീരത്തിൽ ടാറ്റു ചെയ്യുന്നത് ഇന്നൊരു ട്രെൻഡാണ്. ഏറെ ആലോചിച്ച് നമുക്ക് പ്രിയപെട്ടതായ എന്തെങ്കിലുമാണ് മിക്കവരും ടാറ്റു ചെയ്യാറ്. ഒന്നിലധികം ടാറ്റു ചെയ്യുന്നവരാണ് മിക്കവരും. പക്ഷെ, ശരീരമാസകലം ടാറ്റു ചെയ്തതു കാരണം തനിക്ക് ജോലിയൊന്നും ലഭിക്കുന്നില്ലെന്ന് പരാതിയുമായി എത്തിയിരിക്കുകയാണ് വനിത. വെയിൽസ് സ്വദേശിനിയായ മെലിസ സ്ലോവനാണ് ഇങ്ങനെയൊരു പരാതിയുമായി എത്തിയിരിക്കുന്നത്. (Woman with 800 tattoos cannot find a job)
ഏറ്റവും അധികം ടാറ്റു ചെയ്ത വ്യക്തിയെന്ന പദവി സ്വന്തമാക്കാൻ വേണ്ടിയായിരുന്നു മെലിസ ഇങ്ങനെയൊരു പ്രവൃത്തി ചെയ്തത്. എന്നാൽ അതാകെ പൊല്ലാപ്പായിരിക്കുകയാണ്. ഇപ്പോൾ പൊതുവിടങ്ങളിൽ നിന്നെല്ലാം തന്നെ ഒഴിവാക്കി നിർത്തുന്നതായും തനിക്ക് ആരും ജോലിയൊന്നും നൽകുന്നില്ലെന്നുമാണ് മെലിസയുടെ പരാതി. 800 ൽ പരം ചിത്രങ്ങളാണ് തല മുതൽ കാലു വരെ മെലിസ ടാറ്റു ചെയ്തിരിക്കുന്നത്. ഇതു കാരണം മുഖം പോലും കൃത്യമായി കാണാനാവാത്ത വിധത്തിൽ വിചിത്ര രൂപത്തിൽ മെലിസ മാറിക്കഴിഞ്ഞു. ജോലി കണ്ടെത്താനോ മറ്റുള്ളവർക്ക് മുന്നിൽ എത്താനോ പോലുമാവാത്ത അവസ്ഥയിലാണ് 46 കാരിയായ മെലിസ.
ആഗ്രഹത്തിനൊത്ത് ടാറ്റു എല്ലാം ചെയ്‌തെങ്കിലും ബാറിലും പബ്ബിലുമൊക്കെ ഇവർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. എന്തിനധികം പറയണം ചില ടാറ്റൂ പാർലറുകൾ പോലും മെലിസയ്ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. തന്റെ കുട്ടികൾ പഠിക്കുന്ന സ്കൂളിളിലും ഇപ്പോൾ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കുട്ടികൾ പങ്കെടുക്കുന്ന കലാപരിപാടികൾ പുറത്തുനിന്നും ജനാല വഴി കാണേണ്ട അവസ്ഥവരെ ഉണ്ടായിട്ടുണ്ട് എന്നും മെലിസ പറയുന്നു.
Story Highlights: Woman with 800 tattoos cannot find a job