മാനസികനില തെറ്റി എത്തിയത് കേരളത്തിൽ; ഓർമ്മകൾ തിരികെപ്പിടിച്ച് ജന്മനാട്ടിലേക്ക് മടങ്ങി അന്യസംസ്ഥാന യുവതി

August 5, 2023

മാനസികനില തെറ്റി എത്തിയത് കേരളത്തിൽ; ഓർമ്മകൾ തിരികെപ്പിടിച്ച് ജന്മനാട്ടിലേക്ക് മടങ്ങി അന്യസംസ്ഥാന യുവതി

കരുതലിന്റെ കൈനീട്ടലുകളിലൂടെ ഒട്ടേറെ അന്യസംസ്ഥാനക്കാർക്ക് കേരളം തുണയായിട്ടുണ്ട്. ജോലിയായും, ജീവിതമായുമെല്ലാം ഈ കരുതൽ നീളുന്നു. ഇപ്പോഴിതാ, അത്തരത്തിൽ കേരളം കാവലൊരുക്കിയ യുവതി നാട്ടിലേക്ക് മടങ്ങുന്നത് ശ്രദ്ധനേടുകയാണ്. കേരളാ പോലീസ് പങ്കുവെച്ച കുറിപ്പിലാണ് മനസിക നില തെറ്റി കേരളത്തിൽ എത്തിയ ശകുന്തള എന്ന യുവതി തിരികെ ഓർമ്മകൾ നേടി മടങ്ങുന്ന വാർത്ത ശ്രദ്ധനേടുന്നത്.

കേരളാ പോലീസിന്റെ കുറിപ്പ്;

ഓർമകൾ തിരിച്ചുപിടിച്ച് ശകുന്തള ജന്മനാട്ടിലേക്ക്…
മാനസികാരോഗ്യം നഷ്ടമായതിനെത്തുടർന്ന് ഉറ്റവരിൽ നിന്ന് വേർപെട്ട് അലഞ്ഞ നാളുകൾക്ക് അവസാനം. ശകുന്തള നാഗേഷ് താണ്ഡേൽ ജന്മനാടായ ഉത്തരകന്നഡയിലെ മഞ്ജുഗുണിയയിലേയ്ക്ക് യാത്ര തിരിച്ചു. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിൽ ബന്ധുക്കളെ കണ്ടെത്തി തിരിച്ചേൽപ്പിച്ച പരിയാരം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസിനും സംതൃപ്തി.

കഴിഞ്ഞ ജനുവരി 16 നാണ് ദേശീയപാതയിൽ ബക്കളത്ത് വച്ച് പിങ്ക് പൊലീസ് ശകുന്തളയെ അവശനിലയിൽ കണ്ടെത്തിയത്. സംസാരിക്കാത്ത നിലയിലായിരുന്ന ഇവരെ പോലീസ് ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾക്ക് ശേഷം പരിയാരം മേരിഭവനിൽ എത്തിച്ചു. കഴിഞ്ഞ ആറുമാസമായി ശകുന്തള മേരിഭവനിൽ അന്തേവാസിയായി കഴിഞ്ഞുവരികയായിരുന്നു. കടുത്ത മാനസിക അസ്വാസ്ഥ്യത്താൽ ഓർമ നഷ്ടപ്പെട്ട ഇവരുടെ ബന്ധുക്കളെ കണ്ടെത്താനായി പരിയാരം പൊലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസഥരുടെ അന്വേഷണം ആഴ്ച്ചകൾ നീണ്ടു.

അന്വേഷണത്തിനൊടുവിൽ ഉത്തരകന്നഡ ജില്ലയിലെ അംഗോള പൊലീസ് പരിധിയിലുള്ള ബെലംബാർ പ്രദേശത്താണ് ശകുന്തളയുടെ വീടെന്ന് മനസിലാക്കാൻ കഴിഞ്ഞു. തുടർന്ന് അംഗോള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ ക്രൈംനമ്പർ 60/23 ആയി രജിസ്റ്റർ ചെയ്ത കേസിൽ അംഗോള പോലീസും ശകുന്തളയ്ക്കായുള്ള അന്വേഷണത്തിലാണെന്ന് വ്യക്തമായി.

തുടർന്ന് അംഗോള സ്റ്റേഷനിലെ കോൺസ്റ്റബിൾ റയീസ് ഭഗവാൻ, ശകുന്തളയുടെ മകൻ ഗൗരീഷ്, സഹോദരി സുമിത്ര എന്നിവർ മേരിഭവനിലെത്തി. ബന്ധുക്കളെ കണ്ടതോടെ സന്തോഷവതിയായ ശകുന്തള നടപടിക്രമങ്ങൾക്ക് ശേഷം ബെലംബാറിലെ ജന്മഗ്രാമമായ മഞ്ജുഗുണിയയിലേയ്ക്ക് യാത്ര തിരിച്ചു.


പരിയാരം എസ്.ഐ പി.സി.സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ ജനമൈത്രി ബീറ്റ് ഓഫീസറായ അസി.സബ്ബ് ഇൻസ്‌പെക്ടർ പി.വി.രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.മധു, വി.വി.ബിജു, സ്റ്റേഷൻ പി.ആർ .ഒ കെ.എ.പി.പ്രകാശൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Story highlights- kerala police’s facebook post about help