46 വർഷമായി ചിരിക്കാത്ത വ്യക്തി; ‘ഇനി ചിരിക്കേണ്ട’ എന്ന തീരുമാനത്തിന് പിന്നിലെ കാരണം കേട്ടാൽ ആരും ചിരിച്ചുപോകും..

August 3, 2023

ചിരി ആരോഗ്യത്തിന് ഗുണകരമാണെന്നും ചിരിക്കുംതോറും ആയുസ് കൂടാനുള്ള സാധ്യതയുണ്ടെന്നും പൊതുവെ പറയാറുണ്ട്. ഇത്തരം വാദങ്ങളുടെ ശാസ്ത്രീയ വശങ്ങളൊന്നും പരിശോധിച്ചില്ലെങ്കിലും ചിരിക്കുമ്പോൾ മനസിനും ശരീരത്തിനും ആശ്വാസവും ഉന്മേഷവും അനുഭവപ്പെടാറുള്ളത് സത്യമാണ്. തിരക്കേറിയ ജീവിതത്തിൽ ഒന്ന് ചിരിക്കാനായി സമയം കണ്ടെത്താൻ ആളുകൾ ശ്രമിക്കുമ്പോൾ 46 വർഷമായി ചിരിക്കാത്ത ഒരു വ്യക്തി ശ്രദ്ധ നേടുകയാണ്. ഇത്രയും വർഷമായി ചിരിക്കാത്തതിന് പിന്നിലെ കാരണമാണ് ഏറ്റവും രസകരം.

ടെസ് ക്രിസ്ത്യൻ എന്ന സ്ത്രീയാണ് 46 വർഷമായി ചിരിക്കാത്തത്. ഇപ്പോൾ 56 വയസുള്ള ടെസ് ചിരിക്കാത്തതിന്റെ കാരണം, മുഖത്ത് ചുളിവുകൾ വീഴുമെന്ന ഭയമാണ്. പ്രായം തോന്നാതിരിക്കാനുള്ള ഒരു ടെക്നിക്കാണിതെന്നാണ് ടെസ് പറയുന്നത്. പ്ലാസ്റ്റിക്സ് സർജറിയുടെയോ ബോട്ടോക്‌സ് ചികിത്സയുടെയോ പിന്നാലെ പോകാതെ ചിരി നിയന്ത്രിച്ച് സൗന്ദര്യം നിലനിർത്താൻ ടെസ് ശ്രമിക്കാൻ തുടങ്ങിയത് പത്താം വയസിലാണ്. ഇത്രയും വർഷത്തെ ചിത്രങ്ങൾ പരിശോധിച്ചാൽ ഒന്നിലും ടെസ് ചിരിച്ചിട്ടില്ല. സന്തോഷ നിമിഷങ്ങളിൽ പോലും ചിരിക്കാതെ സൗന്ദര്യ സംരക്ഷണത്തിനാണ് ഇവർ പ്രധാന്യം നൽകുന്നത്. മകൾ ജനിച്ചപ്പോൾ പോലും ടെസ് ചിരിച്ചിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

Read Also: അവസാന വിഡിയോ രണ്ടുവർഷം മുൻപ്; യൂട്യൂബിൽ ഇന്നും വരുമാനം പത്തുലക്ഷത്തോളം- ചൈനയിലെ ഗ്രാമീണ ജീവിതത്തിലൂടെ പ്രസിദ്ധയായ ലി സികി

ഡെർമറ്റോളജിസ്റ്റുകളും ചിരിക്കുമ്പോൾ മുഖത്തെ പേശികൾ വലിഞ്ഞ് പ്രായം തോന്നിക്കുമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധ മോഡലായ കിം കർദാഷിയാനും ചുളിവുകൾ സംഭവിക്കാതിരിക്കാൻ ചിരി നിയന്ത്രിക്കാറുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ, ചിരിക്കാതിരിക്കുമ്പോൾ സൗന്ദര്യം പരിപാലിക്കാമെങ്കിലും അത് ആരോഗ്യത്തെ കാര്യമായി ബാധിക്കും. വികാരങ്ങൾ തലച്ചോറിന് തിരിച്ചറിയാനും അതിനനുസരിച്ചുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ചെയ്യാൻ ചിരിച്ചില്ലെങ്കിൽ സാധിക്കില്ല. ചിരിക്കുമ്പോൾ സന്തോഷിക്കാനുള്ള ഹോർമോൺ തലച്ചോറ് ഉത്പാദിപ്പിച്ചില്ലെങ്കിൽ അത് ഒരാളുടെ മാനസിക നിലയെയും പെരുമാറ്റത്തെയും വരെ ബാധിക്കുമെന്നാണ്‌ പഠനങ്ങൾ പറയുന്നത്.

Story highlights- lady who didn’t smile for 40 years