സുബിയില്ലാത്ത ആദ്യത്തെ പിറന്നാൾ; ഒത്തുചേർന്ന് കുടുംബവും സുഹൃത്തുക്കളും

August 26, 2023

വളരെ അപ്രതീക്ഷിതമായിരുന്നു ടെലിവിഷൻ താരം സുബിയുടെ വേർപാട്. കാലങ്ങളായി ടെലിവിഷൻ സ്‌ക്രീനിലൂടെ ഓരോ സ്വീകരണമുറിയിലെയും സ്വന്തം താരമായി മാറിയ ആളാണ് സുബി സുരേഷ്. ഫെബ്രുവരിയിലായിരുന്നു സുബി കരൾരോഗത്തെ തുടർന്ന് മരണമടഞ്ഞത്. ഇപ്പോഴിതാ, സുബിയുടെ പിറന്നാൾ ദിനത്തിൽ ഓർമകളുമായി കുടുംബാംഗങ്ങൾ എത്തിയിരിക്കുകയാണ്.

യുട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിലാണ് സുബി ഇല്ലാത്ത പിറന്നാൾ ദിനത്തിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന വിശേഷം പങ്കുവെച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾക്കൊപ്പം സുബിയുടെ സുഹൃത്തുക്കളും ഒത്തുചേർന്നു. സുബിയുടെ ഭാവിവരനായിരുന്ന ആളും വിഡിയോയിലുണ്ട്.

പുരുഷ കോമേഡിയന്മാർ അരങ്ങുവാണിരുന്ന മിമിക്രി വേദിയിലേക്ക് പെൺകരുത്തുമായി കടന്നുവന്ന സുബി സുരേഷ് വർഷങ്ങൾക്ക് ഇപ്പുറവും അറിയപ്പെടുന്നത് സിനിമാല എന്ന ജനപ്രിയ കോമഡി പരിപാടിയിലൂടെയാണ്. പിന്നീട്, നിരവധി സ്റ്റേജ് ഷോകളിലൂടെ ഹാസ്യതാരമായും നർത്തകിയായും സുബി സുരേഷ് അരങ്ങുവാണിരുന്നു.

Read Also: കുടുംബാംഗങ്ങളെ കെട്ടിപ്പുണർന്ന് അല്ലു അർജുന്റെ ആഹ്ലാദ പ്രകടനം- വിഡിയോ

കലയെ ജീവിതമായി കണ്ട സുബി, പിന്നീട് സിനിമകളിലും സീരിയലുകളിലും വേഷമിട്ടിരുന്നു. ഇരുപതോളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ സുബി ഭാഗമായി. എങ്കിലും, നിരവധി ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയായി മാറിയത്. കുട്ടികൾക്കൊപ്പം വിശേഷങ്ങൾ പങ്കുവെച്ചെത്തിയ കുട്ടിപ്പട്ടാളം സുബിയെ സംബന്ധിച്ച് വലിയൊരു വഴിത്തിരിവായിരുന്നു.

Story highlights- late subi suresh’s birthday