വീട്ടമ്മയിൽ നിന്നും ഒരു സാരി അണിയിക്കാൻ രണ്ടുലക്ഷം രൂപ വാങ്ങുന്ന സാരി ഡ്രേപ്പറിലേക്ക്; താരസുന്ദരിമാരുടെ പ്രിയങ്കരിയായ ഡോളിയുടെ വിജയഗാഥ

August 22, 2023

വിശേഷദിവസങ്ങളിൽ സ്ത്രീകൾക്ക് ഏറ്റവും പ്രധാനം അവരുടെ വസ്ത്രമാണ്. എന്തൊക്കെ വസ്ത്രങ്ങളിലൂടെ മനസ് പാഞ്ഞാലും ഒടുവിൽ എത്തിനിൽക്കുക സാരിയിൽ തന്നെ ആയിരിക്കും. പലർക്കും സാരി ഉടുക്കുന്നത് ഒരു ബാലികേറാമലയാണ്. പക്ഷെ അതൊരു കലയായി സ്വീകരിച്ചിട്ടുള്ളവർ ഉണ്ട്. അടുത്തകാലം വരെ സാരി ഉടുപ്പിക്കുന്നത് ഒരു പ്രത്യേക കരിയർ തന്നെ ആണെന്ന് പലർക്കും അറിയില്ലായിരുന്നു. എന്നാൽ, ഡോളി ജെയിൻ എന്ന കൊൽക്കത്തക്കാരിയ്ക്ക് സാരിയിലൂടെ വന്ന ഭാഗ്യം ചെറുതല്ല. ഇന്ന് ഇന്ത്യൻ ഫാഷൻ ലോകത്തെ ഏറ്റവും പ്രശസ്തയായ സാരി ഡ്രേപ്പറാണ് ഡോളി.

വെറുതെയങ്ങ് സാരി ഡ്രേപ്പർ ആകുകയായിരുന്നില്ല ഡോളി. ഒരു സാധാരണ വീട്ടമ്മയിൽ നിന്നുമാണ് അവർ പ്രത്യേകമായൊരു അഭിരുചി തിരിച്ചറിഞ്ഞ് വിജയഗാഥ രചിച്ചത്. കോട്ടണോ സിൽക്കോ ജ്യൂട്ടോ എന്തുമാകട്ടെ, ഡോളിയുടെ കയ്യിൽ ഏത് സാരിയും നിസാരമായി മെരുങ്ങും. ഒന്നോ രണ്ടോ രീതിയിലല്ല, 360 രീതികളിൽ ഡോളിയ്ക്ക് സാരി ഉടുപ്പിക്കാൻ അറിയാം.

സാരിയുടുക്കാൻ അറിയാത്ത ഒരു കൗമാരകാലം എല്ലാവര്ക്കും ഉണ്ടാകും. സമാനമായിരുന്നു ഡോളിയുടെയും അവസ്ഥ. ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് നവ വധുവായി സാരി ധരിക്കുന്നത് എങ്ങനെയെന്ന് പഠിക്കാൻ ഡോളി ജെയിൻ നിർബന്ധിതയായപ്പോൾ, തന്റെ ഭാവി ഇതായിരിക്കുമെന്ന് അവർക്ക് അറിയില്ലായിരുന്നു. ഇന്ന്, അവർ ഒരു സെലിബ്രിറ്റി സാരി ഡ്രേപ്പറാണ്, എല്ലാ മുൻനിര ബോളിവുഡ് വധുക്കളെയും പ്രശസ്ത അന്താരാഷ്ട്ര സൂപ്പർ മോഡൽ ജിജി ഹഡിദിനെയും സ്റ്റൈൽ ചെയ്തു കഴിഞ്ഞു ഡോളി ജെയിൻ.

ദീപിക പദുകോൺ, നയൻ‌താര, കിയാരാ, കത്രീന തുടങ്ങി അംബാനി കുടുംബത്തിലെ സുന്ദരിമാരെയും സാരി വിശേഷ അവസരങ്ങളിലും വിവാഹദിനത്തിലും സാരി ഉടുപ്പിച്ചത് ഡോളി ആണ്.സാരി ഉടുപ്പിക്കുന്നതിന് രണ്ടുലക്ഷം വരെ ഡോളിക്കായി മുടക്കാൻ ആർക്കും മടിയുമില്ല. 3500 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് സാരി ഉടുപ്പിക്കുന്നതിന് ഡോളി ഈടാക്കുന്നത്. ബെംഗളൂരുവിൽ ജനിച്ച് വളർന്ന ഡോളി വെറും 18.5 സെക്കൻഡിൽ സാരി ഉടുത്തതിന്റെ റെക്കോർഡ് ഉടമയാണ്. ഇത് മാത്രമല്ല, 325 തരത്തിൽ സാരി ഉടുത്തതിന്റെ റെക്കോർഡ് പോലും അവർ സ്വന്തമാക്കി!

Read Also: ചിതറിക്കിടക്കുന്ന വെളുത്ത കുഞ്ഞിക്കല്ലുകൾ; ഇത് വെണ്മയേറും അരിമണികളുടെ തീരം

സാരി മാത്രമല്ല, ഒരു ദുപ്പട്ട പോലും വൃത്തിയായി കൈകാര്യം ചെയ്യാൻ പലർക്കും അറിയാത്ത സാഹചര്യതയിൽ സാരിയിൽ ഒരു കരിയർ പടുത്തുയർത്തിയിരിക്കുകയാണ് ഡോളി ജെയിൻ. പലർക്കും ഇതൊരു വെളിച്ചവുമാണ്.

Story highlight- meet the celebrity saree draper dolly jain