അടുത്തടുത്തായി പലനിറങ്ങളിലുള്ള മൂന്നു തടാകങ്ങൾ; ആത്മാക്കളുടെ വിശ്രമകേന്ദ്രം- ദുരൂഹതയുടെ കെലിമുട്ടു പർവ്വതം

August 19, 2023

അമ്പരപ്പിക്കുന്ന കാഴ്ചകളാൽ സമ്പന്നമാണ് ലോകം. ഭൂമിയിൽ മനുഷ്യനിര്മിതമാല്ലാത്ത കൗതുകങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. കാഴ്ചകളും കൗതുകങ്ങളും ഏറെ ഒളിപ്പിച്ച ഭൂമിയുടെ മനോഹരമായ ഒരിടമാണ് മൗണ്ട് കെലിമുട്ടു. ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലെ കെലിമുട്ടു പർവതത്തിന്റെ കൊടുമുടിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ അഗ്നിപർവ്വത തടാകങ്ങളുടെ ആവാസ കേന്ദ്രമാണ് കെലിമുട്ടു അഗ്നിപർവ്വതം. അടുത്തടുത്തായി സ്ഥിതി ചെയ്യുന്നതും നേർത്ത പാറകളാൽ വിഭജിക്കപ്പെട്ടതുമായ മൂന്ന് തടാകങ്ങളാണ് ഇവിടെ ഒരു സവിശേഷമായ കാഴ്ച നൽകുന്നത്- പ്രത്യേകതയെന്തെന്നാൽ ഈ തടാകത്തിന്റെ നിറം എപ്പോഴും മാറിക്കൊണ്ടിരിക്കും.

തടാകങ്ങൾ തവിട്ട് മുതൽ നീല, ചുവപ്പ്, ടർക്കോയ്സ്, പച്ച, കറുപ്പ് വരെ വ്യത്യസ്ത നിറങ്ങളുടെ ഷേഡുകൾ പ്രകടമാക്കാറുണ്ട്. ലോകത്ത് ഈ സ്ഥലത്ത് മാത്രമാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ശാസ്ത്രീയമായ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ലെങ്കിലും, ഭൂഗർഭ വാതകങ്ങളുടെ പൊട്ടിത്തെറിയും വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ രാസപ്രവർത്തനങ്ങളും മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് കരുതപ്പെടുന്നു.

ഇവിടുത്തെ പ്രാദേശിക ജനങ്ങളുടെ പുരാതന വിശ്വാസമനുസരിച്ച്, കെലിമുട്ടിലെ മൂന്ന് തടാകങ്ങളുടെ നിറവ്യത്യാസം വിശ്രമമില്ലാത്ത ആത്മാക്കളെ ആണ് സൂചിപ്പിക്കുന്നതെന്നാണ്. മരിച്ചവരുടെ ആത്മാക്കൾക്ക് ശാശ്വത വിശ്രമം ലഭിക്കുന്ന പുണ്യസ്ഥലമായി ഇത് കണക്കാക്കപ്പെടുന്നു. അഗ്നിപർവ്വതത്തിന്റെ പടിഞ്ഞാറേ അറ്റത്തുള്ള തടാകത്തെ ‘ടിവു അതാ മ്ബുപു’ എന്ന് വിളിക്കുന്നു, അതിനുള്ളിൽ നീതിയുടെയും ന്യായത്തോടെയുമുള്ള ജീവിതം നയിച്ച മുതിർന്നവരുടെ ആത്മാക്കൾ വിശ്രമിക്കുന്നു. മറ്റ് രണ്ട് തടാകങ്ങൾ, പരസ്പരം അടുത്താണ് സ്ഥിതി ചെയ്യുന്നത്. ടിവു നുവാ മുരി കൂ ഫൈ എന്ന തടാകം, യുവാത്മാക്കളുടെ ഒത്തുചേരൽ സ്ഥലമാണ്, തിവു അറ്റാ പോളോ ദുരാത്മാക്കളുടെ ആവാസ കേന്ദ്രമാണ്.

Read Also: സ്റ്റേഷനിൽ പോകാതെ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കാം

മറ്റ് അഗ്നിപർവ്വത തടാകങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രവചിക്കാൻ കഴിയാത്ത നിറവ്യത്യാസത്തിലാണ് അവ ഓരോ ദിവസവും കാണപ്പെടുന്നത്. ഓരോ ദിവസവും തടാകങ്ങൾ തദ്ദേശീയരെയും സന്ദർശകരെയും അത്ഭുതപ്പെടുത്തുന്നു. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന സ്വഭാവസവിശേഷതകളുടെ മനോഹാരിതയിലും നിഗൂഢതയിലും പൊതിഞ്ഞ ഒരു പുതിയ വർണ്ണ ഭൂപ്രകൃതിയാണ് ഇവിടുത്തെ വേറിട്ട് നിർത്തുന്നത്.

Story highlights- mount kelimutu’s specialities