‘ഈ ചിത്രങ്ങൾ പകർത്തുമ്പോൾ ഞാനെന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിൽ ആയിരുന്നു’- കുറിപ്പുമായി പാർവതി തിരുവോത്ത്

August 17, 2023

മലയാള സിനിമ ലോകത്ത് ഒട്ടേറെ സംഭാവനകൾ അഭിനയ പാടവത്തിലൂടെ നൽകിയ നടിയാണ് പാർവതി തിരുവോത്ത്. വിമർശനങ്ങളെ അതിജീവിച്ച് ബോളിവുഡ് വരെ തന്റെ സാന്നിധ്യം അറിയിച്ച പാർവതി, ദേശിയ തലത്തിൽ ശ്രദ്ധേയയാണ്. ശക്തമായ അഭിപ്രായങ്ങളിലൂടെ ശ്രദ്ധനേടിയ പാർവതി ഇപ്പോൾ ഒരു കുറിപ്പും ഏതാനും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ്. 2019ലെ ഓണത്തിന് സഹോദരൻ പകർത്തിയ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമായിരുന്നു അതെന്നും പാർവതി കുറിക്കുന്നു.

‘2019-ൽ എന്റെ സഹോദരൻ എന്റെ കുറച്ച് ഫോട്ടോകൾ ക്ലിക്ക് ചെയ്തു. അത് ഓണക്കാലമായിരുന്നു. എന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടങ്ങളിലൊന്നായിരുന്നു അതെന്ന് ഞാൻ ഓർക്കുന്നു. ഈ ഫോട്ടോകൾ എടുക്കുന്നതിന് ഒരു മണിക്കൂർ മുമ്പ്, ഞാൻ അനുഭവിച്ച വേദനയെ അതിജീവിക്കാൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഞാൻ വെളിച്ചം കണ്ടില്ല. ഇല്ല, ഞാൻ വെളിച്ചം കണ്ടില്ലെന്ന് ഞാൻ കരുതി. എനിക്ക് എന്റെ ആളുകളുണ്ടായിരുന്നു. എനിക്ക് അനങ്ങാൻ കഴിയാതെ വന്നപ്പോൾ അവരുടെ ദയയോടെ അവർ എന്നെ മുന്നോട്ട് നയിച്ചു. എനിക്ക് അസഹനീയമായ വേദന ഉണ്ടായിരുന്നു, പക്ഷേ ഞാൻ പുഞ്ചിരിച്ചു, ഞാൻ ആകാശത്തേക്ക് നോക്കി. ഞാൻ നീങ്ങി. ഒരു നിമിഷം ഞാൻ ഓർത്തു, ഇവിടെ ഉണ്ടായിരിക്കാൻ കഴിഞ്ഞത് എത്ര ഭാഗ്യമാണെന്ന്. എനിക്ക് ഈ ഫോട്ടോകൾ ഇഷ്ടമാണ്..’- പാർവതി കുറിക്കുന്നു.

മലയാള സിനിമയുടെ ദേശിയ മുഖമായി പാർവതി മാറിയതോടെ ബോളിവുഡ് താരങ്ങൾക്കൊപ്പം ഒട്ടേറെ വേദികൾ പങ്കിടാൻ പാർവതിക്ക് സാധിച്ചു. അടുത്തിടെ ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യം വഹിച്ച താരങ്ങളെ ഉൾക്കൊള്ളിച്ച് നടത്തിയ ‘റൗണ്ട് ടേബിൾ’ എന്ന പരിപാടിയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും പാർവതിയുടെ നിലപാടുകൾ തന്നെയായിരുന്നു.

Read Also: കോഴിക്കോടൻ മണ്ണിൽ ഭീമൻ പൂക്കളമൊരുങ്ങുന്നു; ലോകത്തെ ഏറ്റവും വലിയ പൂക്കളം ഒരുക്കാൻ കൈകോർത്ത് ഏഷ്യൻ പെയിന്റ്‌സും ഫ്‌ളവേഴ്‌സും

അതേസമയം, 2019 ൽ പുറത്തിറങ്ങിയ ‘ഉയരെ’ എന്ന സിനിമയിലെ പ്രകടനം പാർവതിക്ക് കരിയറിൽ തന്നെ വലിയ കയ്യടികൾ നേടിക്കൊടുത്തു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെൺകുട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ പറഞ്ഞ സിനിമ ഒട്ടേറെ അംഗീകാരങ്ങൾ നടിക്ക് നൽകി. 

Story highlights- parvathy thiruvoth about her past trauma