കടലിനോട് ചേർന്നൊരു ഗുഹ, ഉള്ളിലൊളിപ്പിച്ച മനോഹരമായ ബീച്ച്- അമ്പരപ്പിച്ച് ബെനാഗിൽ ഗുഹ

August 11, 2023

സാഹസികതയും കടൽത്തീരങ്ങളും ഒരുപോലെ ഇഷ്ടമുള്ള സഞ്ചാരികൾക്ക് എന്നും കൗതുകമുള്ള ഇടമാണ് ബെനാഗിൽ ഗുഹ. വർഷങ്ങളായി യൂറോപ്പുകാരുടെ ഒരു ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമായ ഇത് ഇപ്പോൾ ലോകമെമ്പാടുമുള്ള യാത്രക്കാരെയും ആകർഷിക്കുകയാണ്. മനോഹരമായ ഗുഹയും, ക്രിസ്റ്റൽ പോലുള്ള മണൽ നിറഞ്ഞ തീരവും, ഗുഹാ കവാടങ്ങളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചവുമെല്ലാം ഈ മനോഹര പ്രദേശത്തെ ആകർഷണീയമാക്കുന്നു.

ബെനാഗിൽ ഗ്രാമത്തിലെ ചെറിയ കടൽത്തീരത്തിന് കിഴക്കായി 150 മീറ്റർ അകലെയാണ് ഈ ഗുഹ സ്ഥിതിചെയ്യുന്നത്. ഗുഹയിലേക്ക് രണ്ട് മനോഹരമായ പ്രവേശന കവാടമുണ്ട്. മുകളിൽ തകർന്ന കൂറ്റൻ മേൽക്കൂരയും തീരവുമുണ്ട്. കടലിലൂടെ ബോട്ടിലൂടെ ചെല്ലുമ്പോഴാണ് ബെനാഗിൽ ഗുഹ കാണാൻ സാധിക്കുക. സാഹസികത ഇഷ്ടമുള്ളവർക്ക് കയാക്കിംഗ് യാത്ര, നീന്തൽ എന്നിവയിലൂടെ ഗുഹയിലേക്ക് എത്താം.

അൽഗർ ഡി ബെനഗിൽ അഥവാ ബെനാഗിൽ ഗുഹകൾ ഈ ചെറിയ പോർച്ചുഗീസ് മത്സ്യബന്ധന ഗ്രാമത്തെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റി. ഗ്രോട്ടോ പോലുള്ള ഗുഹകളെ പ്രദേശവാസികൾ ഗ്രുട്ട ഡി ബെനഗിൽ എന്നാണ് വിളിക്കുന്നത്. ഡി ബെനാഗിൽ ബീച്ചിന്റെ ഇടതുവശത്താണ് അൽഗാർ ഡി ബെനാഗിൽ സ്ഥിതി ചെയ്യുന്നത്. ഗുഹ ചെറുതാണെങ്കിലും മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.

ഗുഹയുടെ മേൽക്കൂര തകർന്നു കിടക്കുകയാണ്. പക്ഷെ ആകാശ കാഴ്ച്ചയിൽ ഇത് കണ്ണുപോലെ തോന്നും. ഗുഹയ്ക്കുള്ളിൽ നിന്ന് നോക്കിയാൽ മനോഹരമായ നീല മെഡിറ്ററേനിയൻ ആകാശം കാണാം. കടൽത്തീരവും, കണ്ണിനു സമാനമായ മേൽക്കൂരയും, കടലും സൂര്യപ്രകാശവും ചേർന്ന് മനോഹരമായ കാഴ്ചയാണ് ഇവിടം സമ്മാനിക്കുന്നത്.

Read also: രക്താർബുദം ബാധിച്ച് മരണത്തിന് കീഴടങ്ങുംമുൻപ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച് പെൺകുട്ടി- വൈകാരിക നിമിഷം

ബെനാഗിൽ‌ ഗുഹയിൽ‌ എത്തുമ്പോൾ‌, ചെറിയ ബോട്ടുകൾ‌ ക്യൂവിലായിരിക്കും. കാരണം ഗുഹ ചെറുതായതിനാൽ ഒരു സമയം കുറച്ച് പേർക്ക്‌ മാത്രമേ ഗുഹയിലേക്ക്‌ പ്രവേശിക്കാൻ‌ അനുവാദമുള്ളൂ. ഗുഹയിലേക്ക് പ്രവേശിക്കാനുള്ള അവസരമായിക്കഴിഞ്ഞാൽ, ബോട്ടിൽ നിന്ന് ഫോട്ടോകൾ എടുക്കാൻ സാധിക്കും. കടൽ ശാന്തമായിരിക്കുന്ന സമയത്ത് മാത്രമാണ് ഇവിടേക്ക് പ്രവേശം. ഒക്ടോബർ മുതൽ ഏപ്രിൽ വരെ സമുദ്രങ്ങൾ പരുക്കനായതിനാൽ ഇവിടേക്ക് ബോട്ടുകൾ എത്തില്ല.

Story highlights- Portugal’s Stunning Benagil Caves