“ജീവിതത്തിലും സൂപ്പർസ്റ്റാർ”; കണ്ടക്ടറായി ജോലി ചെയ്ത ഡിപ്പോയിൽ ഒരിക്കൽ കൂടി എത്തി രജനികാന്ത്

August 29, 2023

സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർസ്റ്റാർ തന്നെയാണ് രജനികാന്ത്. ഏറെ ആരാധകരുള്ള താരം സിനിമയിലെത്തുന്നതിന് മുമ്പ് കണ്ടക്ടറായാണ് ജോലി ചെയ്തിരുന്നത്. താൻ ജോലി ചെയ്തിരുന്ന ബസ് ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരിക്കുകയാണ് താരം. ചൊവ്വാഴ്ചയാണ് ബെംഗളൂരുവിലെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഡിപ്പോയില്‍ അദ്ദേഹം എത്തിയത്. ഡിപ്പോയിലെ ജീവനക്കാർക്കൊപ്പം സമയം ചെലവഴിച്ചും വിശേഷങ്ങൾ പങ്കിട്ടും ഒരുമിച്ച് ഫോട്ടോ എടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് ബസ് കണ്ടക്ടറായും മറ്റ് പല ജോലികളും അദ്ദേഹം ചെയ്തിട്ടുണ്ട്. കണ്ടക്ടറായി ജോലി ചെയ്യുമ്പോളും തന്‍റെ യാത്രക്കാരെ രസിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുമായിരുന്നു. നെൽസൺ സംവിധാനം ചെയ്ത ജയ്‌ലർ ആണ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം. മോഹൻലാലും രജനികാന്തും വീണ്ടും ഒന്നിച്ച് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ജയിലറിലൂടെ. മോഹൻലാലിൻറെ ലുക്കും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും കൂടി ചേർന്ന് പ്രേക്ഷകർക്ക് ആഘോഷമാണ് ലഭിച്ചത്.


read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാ‌ൻഡ് ജനതയുടെ വേറിട്ട ഐഡിയ!

റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ 600 കോടിയിലധികം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു മുമ്പ് രജനികാന്തിന്റെ കബാലി, എന്തിരന്‍ 2.0 എന്നീ ചിത്രങ്ങളും 300 കോടി കളക്ഷനിലേക്ക് എത്തിയിരുന്നു. റിലീസ് ദിവസമായ വ്യാഴാഴ്ച 48.35 കോടിയാണ് ഇന്ത്യയില്‍ നിന്ന് ജയിലര്‍ നേടിയ കളക്ഷന്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിൽ എത്തിയ രജനികാന്തിന്റെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.

Story highlights – Rajinikanth’s surprise visit to BMTC in Bengaluru