കോമഡിയും ത്രില്ലറും ഇഴചേർത്ത് ഒരു രസികൻ കൊള്ളയുടെ കഥ- ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ റിവ്യൂ
ഏറെ പ്രതീക്ഷയോടെ മലയാളികൾ ഒന്നടങ്കം കാത്തിരുന്ന നിവിൻ പോളി ചിത്രമാണ് ‘രാമചന്ദ്ര ബോസ് ആൻഡ് കോ’. ചിത്രം പ്രേക്ഷകർക്കിടയിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. രസകരമായ ആദ്യ പകുതിയിൽ നിന്ന് രണ്ടാം പകുതിയിൽ ഹൈസ്റ്റിലേക്കും ത്രില്ലർ മോഡിലേക്കും സിനിമ തടസ്സങ്ങളില്ലാതെ മാറുന്നതാണ് ഏറ്റവും ശ്രദ്ധേയം. നിവിൻ പോളിയുടെ മികച്ച പ്രകടനത്തിനൊപ്പം കോമഡിയുടെയും കൊള്ളയുടെയും സംയോജനത്തോടെ ചിത്രം വിജയകുതിപ്പിലേക്കാണെന്ന് നിസംശയം പറയാം. നിവിൻ പോളിയുടെ അവിസ്മരണീയമായ ഒരു തിരിച്ചുവരവിനായുള്ള പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രവർത്തകരും. എന്തായാലൂം ആ കാത്തിരിപ്പ് വെറുതെയായില്ല.
ഓണാവധിക്ക് മുന്നോടിയായി വെള്ളിയാഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പതിവുപോലെ നിവിൻ പോളിക്ക് ഭാഗ്യം എത്തിച്ചു. പൊതുവെ, അദ്ദേഹത്തിന്റെ മുൻ ഓണം റിലീസുകളെല്ലാം ബോക്സ് ഓഫീസ് ഹിറ്റുകളായി മാറിയിരുന്നു. ചരിത്രം ആവർത്തിച്ചിരിക്കുകയാണ് എന്ന് നിസംശയം പറയാം. കവർച്ചയെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു എന്നിവരാണ് വേഷമിട്ടിരിക്കുന്നത്.
കേരളത്തിൽ ഉള്ള നാലുപേർക്ക് ഒരു കത്ത് വരുന്നു. ഗൾഫിൽ നിന്നാണ് ഈ കത്ത്. പലതരം പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന ഈ നാലുപേർക്കും ഗൾഫിലെ രാമചന്ദ്ര ബോസ് ഒരു ജോലി തരപ്പെടുത്തിയിരിക്കുകയാണ്. അവർ ഗൾഫിൽ എത്തുമ്പോൾ കാത്തിരിക്കുന്നത് രാമചന്ദ്ര ബോസും സഹായിയായ ശൈലേഷുമാണ്. പ്രൈവസി കൊള്ളയെന്ന ടാഗ് ലൈൻ പോലെ തന്നെയാണ് ചിത്രം മുന്നേറുന്നത്. കൊള്ളയെകുറിച്ചോ കള്ളത്തരങ്ങളോ അറിയാത്ത ഇവർ വലിയൊരു കൊള്ളയുടെ ഭാഗമാകുന്നത് കോമഡിയുടെയും ത്രില്ലറിന്റെയും രസച്ചരട് പൊട്ടാതെ അവതരിപ്പിച്ചിരിക്കുന്നു.
Read Also: ഓണാവധിയ്ക്ക് ദൂരയാത്രകൾക്ക് ഒരുങ്ങിയോ? വീടുപൂട്ടി ഇറങ്ങും മുൻപ് ഇക്കാര്യംകൂടി ഓർക്കുക!
അതേസമയം, യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. മനം നിറയ്ക്കുന്ന ചിരികളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്.ഹനീഫ് അദേനിയുടെ സംവിധാന മികവാണ് ആകെമൊത്തത്തിൽ ഏറ്റവുമധികം അഭിപ്രായം നേടുന്നത് എന്നത് ശ്രദ്ധേയമാണ്.
Story highlights- ramachandra boss and co movie review