അപകടമൊന്നും തളർത്തില്ല; പ്രചോദനമായി ഭിന്നശേഷിക്കാരനായ സൊമാറ്റോ ഡെലിവറി ഏജന്റിന്റെ ജീവിതം- വിഡിയോ
പരിശ്രമിച്ചാൽ നേടാനാകാത്ത ഒന്നും ലോകത്തില്ല. ശാരീരിക പരിമിതികൾക്ക് പോലും ഒരാളുടെ പരിശ്രമങ്ങൾക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വരും. ഇത്തരത്തിൽ ശാരീരിക പരിമിതികളുടെ വെല്ലുവിളികൾ എത്രത്തോളം തടസം സൃഷ്ടിച്ചിട്ടും അതിജീവനത്തിനുള്ള മാർഗം കണ്ടെത്തിയ യുവാവ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. അപകടത്തിൽ ഇരുകാലുകളും പരിക്കേറ്റ് വീൽചെയറിലായ യുവാവ് ദൈനംദിന ചിലവിനും കുടുംബം പുലർത്താനുമായി സൊമാറ്റോ ഡെലിവറി ഏജന്റ് ആയാണ് പ്രവർത്തിക്കുന്നത്.
അമൃത്‌സർ നിവാസിയായ സർദാർ ഇഖ്ബാൽ സിങ്ങിന്റെ കാലുകൾ റോഡപകടത്തിൽ നഷ്ടപ്പെട്ടു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഊർജത്തെ ആ അപകടം ബാധിച്ചില്ല. സൊമാറ്റോ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്നതിനാൽ എല്ലാ ദിവസവും സർദാർ ഇഖ്ബാൽ സിംഗ് ഭക്ഷണം വിതരണം ചെയ്യുന്നതിനായി മോട്ടോർ ഘടിപ്പിച്ച വീൽചെയറിൽ ജോലിക്ക് ഇറങ്ങുന്നു.
“സൊമാറ്റോ ഡെലിവറിക്കാരനായ സർദാർ ഇക്ബാൽ സിംഗിനെ നോക്കൂ. റോഡപകടത്തെ തുടർന്ന് തളർന്നുപോയി കാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ടു. സാമ്പത്തികമായി നല്ല നിലയിലല്ലെന്നതിനാൽ കുടുംബത്തിന്റെ നിലനിൽപ്പിനായി കഠിനാധ്വാനം ചെയ്യുന്നു. അദ്ദേഹത്തിന് ബിഗ് സല്യൂട്ട്’- പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്.
ശാരീരിക പരിമിതികളെ നിശ്ചയ ദാർഢ്യത്തോടെ നേരിട്ട ആളുകൾ എപ്പോഴും സമൂഹത്തിൽ കയ്യടി നേടാറുണ്ട്. പരിമിതികൾക്ക് ശരീരത്തെ മാത്രമേ തളർത്താൻ കഴിയുകയുള്ളൂവെന്നും മനസിനെ തളർത്താൻ കഴിയില്ലെന്നുമാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
Story highlights- specially-abled Zomato delivery man