മുടിയുടെ നഷ്ടപ്പെട്ട ഭംഗിയും കരുത്തും വീണ്ടെടുക്കാം, തൈരിലൂടെ
മുടിയുടെ ആരോഗ്യവും ഭംഗിയും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. പലതരത്തിലുള്ള കെമിക്കലുകൾ ഉപയോഗിച്ച് ഭംഗിയും കരുത്തും സ്വാഭാവികതയുമൊക്കെ നഷ്ടമാക്കിയ ശേഷമാണ് പലരും പ്രകൃതിദത്ത മാർഗങ്ങളിൽ അഭയം തേടുന്നത്. അങ്ങനെയുള്ള മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം തൈരിലുണ്ട്.
കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ തുടങ്ങി ഒട്ടേറെ പ്രോടീനുകളും തൈരിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യത്തിന് തൈര് വളരെ നല്ല പോഷകമാണ്.വരണ്ടുണങ്ങിയ മുടിയുടെ ആരോഗ്യം തിരിച്ചുപിടിക്കാൻ തൈരിന് സാധിക്കും.
നാരങ്ങാനീരും, തേനും, തൈരിനൊപ്പം ചേർത്ത് മുടിയിൽ പാക്ക് പോലെ ഇട്ടാൽ താരന്റെ പ്രശ്നങ്ങളിൽ നിന്നും നല്ല ആശ്വാസം ലഭിക്കും. ഈ പാക്ക് തലയിൽ തേച്ച് 20 മിനിറ്റ് ഇരുന്നതിന് ശേഷം ചെറുചൂടുവെള്ളത്തിൽ തലമുടി കഴുകണം.
കറ്റാർവാഴയും, തൈരും, ഒലീവ് ഓയിലും ചേർത്ത് തലയിൽ പുരട്ടിയാൽ മുടിയുടെ നഷ്ടമായ തിളക്കം തിരികെ ലഭിക്കും. ശിരോചർമ്മം മുതൽ മുടിയുടെ അറ്റം വരെ ഈ മിശ്രിതം തേച്ച് ഉണങ്ങാൻ അനുവദിക്കണം.
Read also: വഴിനീളെ കരകവിഞ്ഞ് ഒഴുകി വീഞ്ഞിന്റെ പുഴ- അപകടം വരുത്തിയ വിന; വൈറൽ വിഡിയോ
ഉലുവ തലേന്ന് രാത്രിയിൽ വെള്ളത്തിൽ ഇട്ടുവെച്ച ശേഷം പിറ്റേന്ന് തൈരിനൊപ്പം അരച്ച് ശിരോചർമ്മത്തിൽ പുരട്ടിയാൽ താരൻ വളരെ വേഗം പോകും. അതുപോലെ മുട്ടയും തൈരും മിശ്രിതമാക്കി തേക്കുന്നതും ഉത്തമമാണ്. അതേസമയം, മറ്റൊന്നുമില്ലെങ്കിലും തൈര് മാത്രം മതി മുടിയുടെ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാൻ. ഏത് മിശ്രിതമായാലും ആഴ്ചയിൽ ഒരിക്കൽ വീതമെങ്കിലും ചെയ്താൽ നല്ല ഫലം ലഭിക്കും.
Story highlights- curd for hair protection