അമിതമായ വിയർപ്പ് ഇനി അസ്വസ്ഥതയുണ്ടാക്കില്ല!
ചിലരുടെ പ്രധാന പ്രശ്നമാണ് അമിതമായ വിയർപ്പ്. വെറുതെ ഇരിക്കുമ്പോൾ പോലും അമിതമായി വിയർക്കുന്ന ഒരവസ്ഥ.ശരീരം കൂടുതലായി വിയർക്കുന്ന ഈ അവസ്ഥയെ ഹൈപ്പർഹിഡ്രോസിസ് എന്ന പേരിലാണ് വിളിച്ചു വരുന്നത്.അങ്ങനെ നിസാരമായി ഈ പ്രശ്നത്തെ വിട്ടുകളയാനും പറ്റില്ല. ആദ്യം തന്നെ ഈ വിയർപ്പിന്റെ കാരണം നോക്കാം.
നമ്മുടെ ശരീരത്തിൽ ആയിരക്കണക്കിന് വിയർപ്പ് ഗ്രന്ഥികളുണ്ട്. ഇവ എക്രൈൻ ഗ്രന്ഥികൾ എന്നാണ് അറിയപ്പെടുന്നത്. ശരീരത്തിൽ ഏതെങ്കിലും കാരണങ്ങൾ കൊണ്ട് താപനില ഉയരുമ്പോൾ ഈ ഗ്രന്ഥികൾ വിയർപ്പ് പുറപ്പെടുവിക്കുന്നു. ശരീരത്തിലെ നാഡീവ്യൂഹങ്ങളാണ് എക്രൈൻ ഗ്രന്ഥികളെ കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്. ഇതിനുപുറമെ ശരീരത്തിലുണ്ടാവുന്ന ചില ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും സമ്മർദ്ദം, ഉത്കണ്ഠ, ഭയം തുടങ്ങിയ കാരണങ്ങൾ കൊണ്ടും ശരീരം ഇത്തരത്തിൽ വിയർപ്പ് പുറന്തള്ളാൻ സാധ്യതയുണ്ട്. പുറത്തുവരുന്ന വിയർപ്പിന്റെ അളവ് ഒരു വ്യക്തിയുടെ ജീനുകൾ, പ്രായം, ശാരീരികക്ഷമത തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും.
അമിതമായി വിയർക്കുന്ന ഒരാൾക്ക് വിയർപ്പിനെ നേരിടാനും പ്രതിരോധിക്കാനും സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ ഉള്ളതിനാൽ നിങ്ങൾ ഒട്ടും തന്നെ വിഷമിക്കേണ്ടതില്ല. ശരീരത്തിൽ നിന്നും അമിതമായി പുറപ്പെടുവിക്കുന്ന വിയർപ്പിനെ തടഞ്ഞു നിർത്താൻ സഹായിക്കുന്ന ഏറ്റവും നല്ല പ്രതിവിധികളിൽ ഒന്നാണ് ആപ്പിൾ സിഡെർ വിനാഗിരി. ഇതിലടങ്ങിയിരിക്കുന്ന അമ്ല സ്വഭാവങ്ങൾ നിങ്ങളുടെ കൈപ്പത്തിയിലും കാലുകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഒക്കെ ഉണ്ടാകാനിടയുള്ള ബാക്ടീരിയകളെ ഉന്മൂലനം ചെയ്യുന്നു. ആപ്പിൾ സിഡെർ വിനാഗിരി ശരീര ചർമ്മത്തെ വരണ്ടതാക്കി നിലനിർത്തിക്കൊണ്ട് വിയർപ്പിനെ തടഞ്ഞു നിർത്തുന്നു. ഈ ലായനി ചെറിയ ചൂടുള്ള വെള്ളത്തിൽ ലയിപ്പിച്ച ശേഷം നിങ്ങളുടെ കൈപ്പത്തിയോ കാലുകളോ ഒക്കെ ഇതിൽ മുക്കി വയ്ക്കാം. ഒരു തുണിയിൽ മുക്കി കക്ഷത്തിന്റെ ഭാഗത്തും ഇത് പ്രയോഗിക്കാം. 15 മുതൽ 30 മിനിറ്റ് വരെ ഇത് ശരീരത്തിൽ പ്രയോഗിച്ചാൽ മികച്ച ഫലങ്ങൾ ഉടനടി ലഭ്യമാകും.
ശരീരത്തിലെ പിഎച്ച് നില സന്തുലിതമാക്കാൻ സഹായിക്കുന്ന ഉരുളക്കിഴങ്ങ് പ്രകൃതിദത്തമായ ഒരു ക്ഷാരമാണ്. ഇതു കൂടാതെ ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന അസിഡിക്ക് സ്വഭാവമുള്ള സംയുക്തങ്ങൾ അമിതമായ വിയർപ്പിനുള്ള ഒരു പരിഹാര മാർഗ്ഗമാണ്. നിങ്ങൾക്ക് വേണമെങ്കിൽ വിയർപ്പ് ഉണ്ടാവുന്ന ഭാഗങ്ങളിൽ ഒരു കഷ്ണം ഉരുളക്കിഴങ്ങ് മുറിച്ചെടുത്ത് ഉരസാം. തുടർന്ന് തണുത്ത വെള്ളം ഉപയോഗിച്ചു കൊണ്ട് കഴുകിക്കളയാം. ഇതുകൂടാതെ നിങ്ങൾക്ക് കുറച്ച് ഉരുളക്കിഴങ്ങ് ജ്യൂസടിച്ചെടുത്ത് ഒരു പഞ്ഞിയോ തുണിയോ ഉപയോഗിച്ചുകൊണ്ട് വിയർക്കുന്ന ഭാഗങ്ങളിൽ തുടക്കാവുന്നതാണ്.
സിട്രസ് ഫ്രൂട്ട് എന്ന് വിളിക്കപ്പെടുന്ന നാരങ്ങയിൽ സിട്രിക് ആസിഡ് മികച്ച അളവിൽ അടങ്ങിയിട്ടുണ്ട്, ഇത് ബാക്ടീരിയകളെ ഇല്ലാതാക്കുകയും അമിതമായ വിയർപ്പിൽ നിന്ന് മുക്തി നേടാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. ഒന്നുകിൽ ഒരു ചെറു നാരങ്ങയുടെ പകുതി മുറിച്ചെടുത്ത ശേഷം നിങ്ങളുടെ കക്ഷത്തിൻറെ ഭാഗങ്ങളിൽ ഉപയോഗിക്കാം. അതല്ലെങ്കിൽ ചെറിയ അളവിൽ നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത ശേഷം ബേക്കിംഗ് സോഡയുമായി കലർത്തി പഞ്ഞിയിൽ മുക്കി ഈ ഭാഗങ്ങളിൽ പുരട്ടാം. വിയർപ്പിന്റെ ഇത്തരം പ്രശ്നങ്ങൾ ലഘൂകരിച്ചു കൊണ്ട് വളരെ പെട്ടെന്ന് തന്നെ മികച്ച ഫലങ്ങൾ ലഭ്യമാക്കാൻ ഈ വിദ്യ സഹായിക്കും.
വിയർപ്പിൽ ചില ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീര ദുർഗന്ധം ഉണ്ടാക്കുകയും മറ്റുള്ളവരിൽ അസ്വസ്ഥത ഉളവാക്കാൻ കാരണമാവുകയും ചെയ്യുന്നു. ബേക്കിംഗ് സോഡ പ്രകൃതിദത്തമായ ഒരു ക്ഷാരമാണ്. അതിനാൽ ഇത് ഇത്തരം വിയർക്കാൻ സാധ്യതയുള്ള ശരീരഭാഗങ്ങളുടെ പി.എച്ച് അളവ് കുറച്ചു കൊണ്ട് ശരീരത്തെ വിയർപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ശരീരത്തിൽ വിയർപ്പ് കുറയ്ക്കുക മാത്രമല്ല ഇത് ചെയുന്നത്. ഇത്തരം അവസരങ്ങളിൽ ശരീരത്തിന്റെ ദുർഗന്ധത്തിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്ന ഏറ്റവും നല്ല പരിഹാര മാർഗം കൂടിയാണിത്. ശരീരഭാഗങ്ങളിൽ കുറച്ച് ബേക്കിംഗ് സോഡ പൊടി പ്രയോഗിക്കുന്നത് വഴി വിയർക്കുന്നതിനെ തടഞ്ഞു നിർത്താൻ എളുപ്പത്തിൽ സാധിക്കും.
കട്ടൻ ചായയിൽ ടാന്നിക് ആസിഡ് ഗുണങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. ഇത് ശരീര ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന ഒന്നാണ്. വിയർപ്പ് ഗ്രന്ഥികളെ സന്തുലനാവസ്ഥയിൽ നിലനിർത്തിക്കൊണ്ട് പുറം തൊലിയിലേക്കുള്ള വിയർപ്പിന്റെ ഒഴുക്കിനെ നിയന്ത്രിക്കാനും ഇതിന് സാധിക്കുന്നു. സാധാരണ ചായയേക്കാൽ കൂടുതൽ ടാന്നിക് ആസിഡ് കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്നതിനാൽ വിയർപ്പിന്റെ രോഗമുള്ള ഒരാൾക്ക് ഉപയോഗിക്കാൻ ഏറ്റവും ഉപകാരപ്രദം കട്ടൻ ചായ തന്നെയാണ്.
Read also: ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു- ആദരാഞ്ജലികൾ നേർന്ന് സിനിമാലോകം
ദിവസവും ധാരാളം വെള്ളം കുടിക്കുന്നതു വഴിയും ഉയർന്ന ജലാംശം ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നതു വഴിയും വിയർപ്പിന്റെ പ്രശ്നങ്ങളെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ സാധിക്കും. ആവശ്യമായ ജലാംശം ശരീരത്തെ മികച്ച രീതിയിൽ തണുപ്പിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. അമിതമായ വിയർപ്പിന്റെ പ്രശ്നങ്ങളെ ഒഴിവാക്കാൻ നാരങ്ങ വെള്ളം, ശുദ്ധമായ പഴച്ചാറുകൾ, തേങ്ങാവെള്ളം എന്നിവയെല്ലാം നിരന്തരം കുടിക്കുക.
Story highlights- Excessive sweating is no longer uncomfortable