പുതുവഴി കുറിച്ച ചലച്ചിത്രകാരന് പ്രണാമം; കെ ജി ജോർജിനെ അനുസ്മരിച്ച് സിനിമാലോകം

September 25, 2023

മലയാള സിനിമയെ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്തിയ മഹാനാണ് കെ ജി ജോർജ്. എഴുപതുകളിലും എൺപതുകളിലും പരമ്പരാഗത പ്രമേയങ്ങളെ മാറ്റിനിർത്തി പുതുവഴി തേടി മലയാള സിനിമയെ പ്രതിനിധീകരിച്ച ചലച്ചിത്രകാരനും ദേശീയ അവാർഡ് ജേതാവുമായ കെ ജി ജോർജ്ജ് ഞായറാഴ്ച കൊച്ചിയിൽ അന്തരിച്ചു. 78 വയസ്സുള്ള അദ്ദേഹം കാക്കനാട്ടെ വൃദ്ധസദനത്തിൽ വെച്ചായിരുന്നു അന്തരിച്ചത്.


യവനിക, ആദാമിന്റെ വാരിയെല്ല്, ഇരകൾ, പഞ്ചവടി പാലം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലോടോപ് മലയാളികൾ എന്നന്നേക്കും ആ പ്രതിഭയെ ഓർത്തിരിക്കും. – മനഃശാസ്ത്രപരമായ ചിത്രങ്ങളും ബ്ലാക്ക് ഹ്യൂമറും പ്രബലമായ സ്ത്രീ കഥാപാത്രങ്ങളുമൊക്കെ സമ്മാനിച്ച കെ ജി ജോർജ്, നിരൂപക പ്രശംസ നേടുന്നതിനൊപ്പം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ ശ്രദ്ധേയനായിരുന്നു.

പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ അഞ്ച് വർഷമായി വൃദ്ധസദനത്തിൽ കഴിയുകയായിരുന്നു. എൻട്രൽ ഫീഡിംഗ് ട്യൂബ് ഉപയോഗിച്ചാണ് കെ ജി ജോർജ് കഴിഞ്ഞ എട്ട് മാസമായി അതിജീവനം നടത്തിയത്. മൂന്ന് മാസം മുമ്പ് ന്യൂമോണിയ ബാധയെ തുടർന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു മാസത്തോളം നീണ്ടുനിന്ന ആശുപത്രിവാസമായിരുന്നു.

Read also: തക്കാളി മുതൽ കറ്റാർവാഴ വരെ; മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ ചില എളുപ്പവഴികൾ

തിരുവല്ലയിൽ കുളക്കാട്ടിൽ ഗീവർഗീസ് സാമുവലിന്റെയും അന്നമ്മ സാമുവലിന്റെയും മകനായി ജനിച്ച കെ ജി ജോർജ് എന്ന കുളക്കാട്ടിൽ ഗീവർഗീസ് ജോർജ്, പൊളിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം, പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്ര സംവിധാനത്തിൽ ഡിപ്ലോമയ്ക്ക് ചേർന്നു. പിന്നീട് പ്രശസ്ത ചലച്ചിത്രകാരൻ രാമു കാര്യാട്ടിന്റെ സഹായിയായി. 1975-ൽ തന്റെ ആദ്യ ചിത്രമായ സ്വപ്നാടനത്തിന് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി.

Story highlights- film pioneer KG George no more