തമിഴ്നാട്ടിൽ ആദ്യമായി മൂന്ന് സ്ത്രീകൾ ക്ഷേത്ര പൂജാരിമാരാകുന്നു
സ്ത്രീകൾ എല്ലാ മേഖലയിലും സാന്നിധ്യം അറിയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്ത്രീകൾക്ക് പറ്റുന്ന പണിയല്ല എന്ന പ്രയോഗം വെറുതെയാക്കികൊണ്ട് എല്ലാ രംഗത്തും അവർ കഴിവ് തെളിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ, പൂജാരിമാരായി ചുമതലയേറ്റെടുത്ത സ്ത്രീകൾ ശ്രദ്ധനേടുകയാണ്.
പൂജാരിമാരുടെ പരിശീലന സ്ഥാപനമായ അർച്ചകർ പയിർച്ചി പള്ളിയിൽ ആദ്യമായി മൂന്ന് സ്ത്രീകളെ ക്ഷേത്ര പൂജാരിമാരായി പരിശീലിപ്പിച്ച് തമിഴ്നാട് സർക്കാർ. ഇത് “ഉൾക്കൊള്ളലിന്റെയും സമത്വത്തിന്റെയും ഒരു പുതിയ യുഗത്തെ” അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. പൈലറ്റുമാരും ബഹിരാകാശ സഞ്ചാരികളും ആയി സ്ത്രീകൾ മാറുന്ന കാലത്ത് പോലും പല ക്ഷേത്രങ്ങളിലും പൂജാരികളാകാൻ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. കാരണം അത് അശുദ്ധമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഒടുവിൽ, അതിന് മാറ്റം വന്നിരിക്കുന്നു. സ്ത്രീകളും ഇപ്പോൾ പൂജാരിമാരാകുന്നു. ഇത് ഉൾക്കൊള്ളലിന്റെയും സമത്വത്തിന്റെയും ഒരു പുതിയ യുഗം കൊണ്ടുവരുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ് രമ്യ, എസ് കൃഷ്ണവേണി, എൻ രഞ്ജിത എന്നിവരാണ് തിരുച്ചിറപ്പള്ളിക്കടുത്തുള്ള ശ്രീരംഗത്തിലെ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട അർച്ചകർ പയിർച്ചി പള്ളിയി പരിശീലനം നേടിയത്. 2007-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധി ആരംഭിച്ച പരിപാടി 2021-ൽ നിലവിലെ ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പുനരാരംഭിച്ച്, വൈദിക പരിശീലനത്തിനുള്ള ഇത്തരം സ്ഥാപനങ്ങൾ പുനരുജ്ജീവിപ്പിച്ചത്.
മൂന്ന് സ്ത്രീകളും തങ്ങളുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഒരു വർഷം കൂടി പ്രമുഖ ക്ഷേത്രങ്ങളിൽ പരിശീലിക്കും. അതിനുശേഷം, യോഗ്യതയുടെ അടിസ്ഥാനത്തിൽ അവരെ പൂജാരിമാരായി നിയമിക്കുന്നതിന് പരിഗണിക്കും.
ഗണിതശാസ്ത്രത്തിൽ എംഎസ്സി പൂർത്തിയാക്കിയ രമ്യ, ബാങ്കിംഗോ അദ്ധ്യാപക ജോലിയോ നേടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ എല്ലാ ജാതികളിൽ നിന്നുമുള്ള സ്ത്രീകളെയും വ്യക്തികളെയും പുരോഹിതന്മാരായി പരിശീലിപ്പിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം കണ്ടാണ് പരിപാടിയിൽ ചേരാൻ തീരുമാനിച്ചതെന്ന് രമ്യ പറഞ്ഞു.
“എനിക്ക് കൗതുകമായിരുന്നു. എല്ലാ ജോലികളിലും സ്ത്രീകൾ ഉള്ളപ്പോൾ, ഈ മേഖലയിലേക്കും സ്ത്രീകൾ എത്തണമെന്ന് ഞാൻ കരുതുന്നു. കൂടാതെ, ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും പൂജകളുടെയും കാര്യത്തിൽ ഞാൻ അപരിചിതയല്ല. തുടക്കത്തിൽ മന്ത്രങ്ങൾ പഠിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നിരുന്നാലും ഗ്രാമത്തിലെ ചെറിയ ചടങ്ങുകൾക്ക് മുത്തച്ഛനും അമ്മാവനും പൂജകൾ നടത്തുന്നത് കണ്ട് പരിചിതമായിരുന്നു. മാത്രവുമല്ല ഞാൻ രണ്ട് തവണ ‘ഹോമങ്ങളിൽ’ പോലും പങ്കെടുത്തിട്ടുണ്ട് എന്നും രമ്യ കൂട്ടിച്ചേർത്തു.
“വനിതാ പുരോഹിതരാകുന്നതിൽ ഞങ്ങൾക്ക് യാതൊരു ഭയവുമില്ല, കൂടുതൽ സ്ത്രീകൾക്ക് ഈ റോൾ ഏറ്റെടുക്കാൻ ഇത് വഴിയൊരുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ബാച്ചിൽ മൂന്ന് സ്ത്രീകളടക്കം 22 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. എന്നാൽ ഒരു മാസം മുമ്പ് ആരംഭിച്ച ഏറ്റവും പുതിയ ബാച്ചിൽ 17 പെൺകുട്ടികളുണ്ട്.”
എല്ലാ ജാതിയിൽപ്പെട്ടവർക്കും പുരോഹിതരാകാൻ അനുവദിക്കുന്ന സംസ്ഥാന പദ്ധതി പ്രകാരം മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 94 പേർക്ക് പരിശീലനം നൽകി. പല ക്ഷേത്രങ്ങളിലും സ്ത്രീകൾ പൂജാരിയാകുന്നതിൽ നിന്ന് വിലക്കിയ ചരിത്രപരമായ ഒരു കീഴ്വഴക്കമാണ് ഇത് തകർക്കുന്നത്.
Read Also: പാസ്സ്പോർട്ട്, സർട്ടിഫിക്കറ്റ്, സിം കാർഡ് പോലുള്ളവ നഷ്ടമായാൽ ചെയ്യേണ്ട കാര്യങ്ങൾ
സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളിൽ ഇതിനകം വനിതാ പൂജാരിമാരുണ്ടെന്നും ഭാവിയിൽ കൂടുതൽ സ്ത്രീകൾ വൈദിക പരിശീലന സ്കൂളിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്മെന്റ് മന്ത്രി പി കെ ശേഖർബാബു പറഞ്ഞു. സ്ത്രീകൾ ക്ഷേത്ര പൂജാരികളാകുന്നതിനെതിരായ ഏത് പ്രതിരോധത്തെയും മറികടക്കാൻ സർക്കാർ മുന്നിൽ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിൽ പൂജ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ത്രീകളിൽ നിന്ന് നിവേദനങ്ങളുണ്ടെന്ന് ജൂണിൽ മന്ത്രി പറഞ്ഞിരുന്നു.
Story highlights- For the first time in Tamil Nadu three women have become temple priests