അടുത്തടുത്ത് രണ്ട് വേർപാടുകൾ- വേദന പങ്കുവെച്ച് മമ്മൂട്ടിയുടെ സഹോദരൻ

September 17, 2023

സിനിമാതാരം മമ്മൂട്ടിയുടെ സഹോദരി ആമിനയെന്ന നെസീമ അന്തരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. 70 വയസായിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കല്‍ പരേതനായ പി എം സലീമിന്റെ ഭാര്യയാണ്. കുറച്ച് കാലമായി ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍. ഇപ്പോഴിതാ, സഹോദരിയുടെ മരണത്തിനു ശേഷം ഒരു ചിത്രം പങ്കുവയ്ക്കുകയാണ് നടനും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിംകുട്ടി.

‘അടുത്തടുത്ത് രണ്ട് വേർപാടുകൾ’ എന്ന കുറിപ്പിനൊപ്പമാണ് ഇബ്രാഹിംകുട്ടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഉമ്മയ്ക്കും സഹോദരിക്കും ഒപ്പമുള്ള ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇവരുടെ ഉമ്മ അന്തരിച്ചത്. അടുത്തടുത്തുള്ള ഈ വേർപാടുകൾ കുടുംബത്തെ വളരെയധികം ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

വൈക്കത്തിന് സമീപമുള്ള ചെമ്പിൽ  ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മക്കളായാണ് മമ്മൂട്ടിയും  ഇബ്രാഹിം കുട്ടിയും ജനിച്ചത്. ഇവർക്ക് സക്കറിയ, ആമിന, സൗദ, ഷഫീന എന്ന സഹോദരങ്ങളുമുണ്ട്. മൂത്ത സഹോദരനായ മമ്മൂട്ടിയുടെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് എത്തിയത് ഇബ്രാഹിം കുട്ടി മാത്രമാണ്.

Read Also: “എനിക്ക് പ്രായമായെന്ന് തോന്നുന്നില്ല. ഞാൻ എന്റെ സുഹൃത്തുക്കളുമായി അടിച്ചുപൊളിക്കുന്നു”; 111-ാം ജന്മദിനം ആഘോഷിച്ച് യുകെയിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ

ഇബ്രാഹിം കുട്ടിയെ അഭിനയരംഗത്തേക്ക് കൊണ്ടുവന്നതിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. മമ്മൂട്ടിയെ ഇച്ചാക്കയെന്നാണ് കുടുംബത്തിലുള്ളവരും അടുപ്പമുള്ളവരും വിളിക്കുന്നത്. ഇബ്രാഹിം കുട്ടിയും പൊതുവേദികളിൽ പ്രിയപ്പെട്ട ഇച്ചക്കയെക്കുറിച്ച് വാചാലനാകാറുണ്ട്.

Story highlights- ibrahim kutty about mother and sister’s demise