കാഴ്ചയിൽ സുഗന്ധം പരത്തി മനോഹരമായ ഇലകളും പഴങ്ങളും നിറഞ്ഞ് തണൽ വിരിക്കുന്ന മരം; ശ്രദ്ധേയമായി മരണത്തിന്റെ മരമെന്ന ഖ്യാതി നേടിയ മഞ്ചിനീൽ

September 2, 2023

ആദ്യ കാഴ്ചയിൽ തന്നെ ആരെയും വിലയിരുത്തരുതെന്ന് പറയാറുണ്ട്. എന്തിനെയും അടുത്തറിയണം പ്രത്യേകതകൾ മനസിലാക്കാൻ. മനുഷ്യനായാലും മൃഗമായാലും മരങ്ങളായാലും അങ്ങനെതന്നെയാണ്. മഞ്ചിനീൽ എന്ന വൃക്ഷവും ഇങ്ങനെ കാഴ്ചയിൽ സാധാരണമെങ്കിലും അപകടകരമായ പ്രത്യേകതകൾ നിറഞ്ഞതാണ്.

കണ്ടാൽ മനോഹരമായ ഇലകളും, പഴങ്ങളുമെല്ലാം നിറഞ്ഞ് നല്ല തണൽ വിരിക്കുന്ന മരം. എന്നാൽ ആ ഇല മാത്രം മതി ആഴത്തിലുള്ള പൊള്ളൽ സമ്മാനിക്കാൻ. കരീബിയൻ ദ്വീപസമൂഹത്തിൽ സഞ്ചാരികൾ ഭയക്കുന്ന മഞ്ചിനീൽ അടിമുടി വിഷമയമാണ്.

ട്രീ ഓഫ് ഡെത്ത് അല്ലെങ്കിൽ മരണത്തിന്റെ മരം എന്നാണ് മഞ്ചിനീൽ അറിയപ്പെടുന്നത്. മരണം മാത്രമല്ല, ജീവിതകാലം മുഴുവൻ ദുരിതത്തിലാഴ്ത്തുന്ന തരം അപകടങ്ങൾ ഈ മരം കാത്തുവെച്ചിട്ടുണ്ട്.

ഈ വൃക്ഷത്തിന്റെ പഴങ്ങൾ കാണാൻ സുന്ദരമാണ്. പക്ഷെ കഴിച്ചാൽ മരണമാണ് സംഭവിക്കുക. അതുപോലെ, മഴ പെയ്യുമ്പോൾ ഓടി ചെന്ന് മരത്തിന്റെ ചുവട്ടിൽ നിന്നാൽ, മഴവെള്ളത്തിനൊപ്പം ഇലകളും ചേർന്ന് ദേഹത്ത് പതിച്ച് സമ്മാനിക്കുന്നത് പൊള്ളലാണ്. നല്ല സുഗന്ധമാണ് മഞ്ചിനീൽ വൃക്ഷത്തിന്. അതുകൊണ്ടുതന്നെ സഞ്ചാരികളെ വളരെവേഗം ആകർഷിക്കാൻ മരത്തിന് സാധിക്കും. കരീബിയൻ ദ്വീപുകളിലും തെക്കൻ അമേരിക്കയിലുമൊക്കെയാണ് മഞ്ചിനീൽ കാണപ്പെടുന്നത്.

പ്രദേശവാസികൾക്ക് ഇത് അപകടങ്ങളുടെ മരമെന്ന് അറിയാമെങ്കിലും ഒട്ടേറെ വിനോദസഞ്ചാരികൾക്ക് പഴങ്ങൾ കഴിച്ച് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അസഹനീയമായ എരിവാണ് പഴങ്ങൾക്ക്. പിന്നാലെ ഉള്ളെല്ലാം ചുട്ടുപൊള്ളുന്ന പോലെയുള്ള അവസ്ഥയും ഛർദിയും വയറിളക്കവുമെല്ലാം ചേർന്ന് ഒന്നും കഴിക്കാൻ പോലുമാകാതെയാണ് മരണം സംഭവിക്കുന്നത്. എന്തായാലും ഇപ്പോൾ ഈ മരങ്ങളിൽ അടുത്തേക്ക് പോകരുത് എന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരങ്ങൾ ഉണങ്ങി നശിച്ചാൽ ഒന്ന് കത്തിക്കാൻ പോലും സാധിക്കില്ല. കത്തിച്ചാൽ പുറത്ത് വരുന്നത് വിഷപ്പുകയാണ്.

Story highlights-manchineel the tree of death