നവതിയുടെ നിറവിൽ മധു; ആശംസയുമായി മോഹൻലാലും മമ്മൂട്ടിയും
മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരങ്ങളിൽ ഒരാളാണ് മധു. താരത്തിന് പിറന്നാൾ ആശംസകളുമായി ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. മോഹൻലാലും മമ്മൂട്ടിയും അദ്ദേഹത്തിന് ഹൃദ്യമായ ആശംസ അറിയിച്ചു. മോഹൻലാൽ മധുവിനെ കാണാൻ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തി. ‘നവതിയുടെ നിറവിൽ നിൽക്കുന്ന എൻ്റെ പ്രിയപ്പെട്ട മധുസാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
എന്റെ സൂപ്പർ സ്റ്റാറിന് ഇന്ന് പിറന്നാൾ ആശംസകൾ മധു സാർ എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിക്കുന്നു. 1933 സപ്തംബര്‍ 23-ന് കന്നിമാസത്തിലെ ചോതി നക്ഷത്രത്തിലാണ് തിരുവനന്തപുരം മേയറായിരുന്ന കീഴതില്‍ ആര്. പരമേശ്വരന്‍പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി പി. മാധവന്‍നായര്‍ എന്ന മധു ജനിച്ചത്. വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച് അദ്ധ്യാപക ജോലി രാജിവച്ച് ഡൽഹിക്ക് വണ്ടികയറി. 1959 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു.
1963ല്‍ കാര്യാട്ടിന്റെ മൂടുപടത്തില്‍ മുഖം കാണിക്കുമ്പോള്‍ വയസ് മുപ്പതാണ് മധുവിന്. എന്നാല്‍, ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർ നിർമിച്ച് എൻ.എൻ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്പാടുകൾ ആണ്. ഈ ചിത്രത്തിൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. നിർമാതാക്കൾ സത്യനുവേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു ഇത്. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു ആക്കി മാറ്റിയത്. കവിയും സംവിധായകനുമായ പി. ഭാസ്കരനാണ് മധു എന്ന പേര് നിര്‍ദ്ദേശിച്ചത്. പേരിലെ രാശിയിലൊന്നും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും മധു എന്ന രണ്ടക്ഷരം ഏറക്കാലം മലയാള സിനിമയുടെ രാശിയായി. മധുവിന്റെ രംഗപ്രവേശത്തോടെ മലയാള സിനിമാചരിത്രം മധുവിന്റെ തന്നെ ചരിത്രമായി.
കുടുംബസമേതത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു.ഇതിന് പുറമെ സമഗ്ര സംഭാവനയ്ക്ക് 2004ല്‍ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയല്‍ പുരസ്കാരം നല്കി ആദരിച്ചു.മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി നിൽക്കുന്നു. 2013-ൽ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം ലഭിച്ചു.
Story highlights- mohanlal and mammootty wishing madhu