പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആത്മബന്ധം- അമ്മയുടെ പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തി മോഹൻലാൽ

September 9, 2023

മലയാളികളുടെ അഭിമാനമാണ് പ്രിയതാരം മോഹൻലാൽ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാൾ കൂടിയാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും താരത്തിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്. മോഹൻലാലിനെ പറ്റിയുള്ള വാർത്തകളൊക്കെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

ഇപ്പോഴിതാ, അമ്മയുടെ പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തിയിരിക്കുകയാണ് നടൻ. ഏറെ നാളുകള്‍ക്ക് ശേഷമാണ് നടൻ മോഹൻലാല്‍ തന്റെ അമ്മ ശാന്തകുമാരിയുടെ സുഹൃത്തും തിരുവനന്തപുരം മുടവന്മുകളിലെ വീട്ടിലെ തങ്ങളുടെ അയല്‍ക്കാരിയുമായിരുന്ന സീതാലക്ഷ്മിയെ കാണാൻ എത്തിയത്.
പ്രശസ്‌ത നോവലിസ്റ്റും കഥാകൃത്തുമായ പി. കേശവദേവിന്റെ ഭാര്യ സീതാലക്ഷ്‌മി കേശവദേവിനെയാണ് മോഹൻലാല്‍ കാണാൻ എത്തിയത്. ഏറെനാളുകള്‍ക്കുശേഷ മുള്ള ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മകനും പ്രമേഹരോഗ വിദഗ്ദനുമായ ജ്യോതിദേവ് കേശവദേവ് പങ്കുവച്ചത് ഏറെ ശ്രദ്ധനേടുകയാണ്.

‘പ്രിയപ്പെട്ട ലാലുചേട്ടൻ എന്റെ അമ്മയെ കാണാൻ എത്തിയപ്പോള്‍…വിലമതിക്കാനാകാത്ത, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആത്മബന്ധം’- എന്ന കുറിപ്പോടെയാണ് ജ്യോതിദേവ് ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചത്.

അമ്മയ്ക്ക് പല കാര്യങ്ങളും ഓര്‍മയിലെങ്കിലും ലാലു മോനെ കണ്ട സന്തോഷം അമ്മയുടെ ശരീരഭാഷയിലുണ്ടായിരുന്നു. എന്തൊക്കെയോ പഴയ കാര്യങ്ങളൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു, അതു കേട്ട് ലാലു ചേട്ടന്റെയും കണ്ണു നിറഞ്ഞു. പോവാൻ നേരം ലാലു ചേട്ടന്റെ കൈ പിടിച്ച്‌ അമ്മ പറയുന്നുണ്ടായിരുന്നു, ഇനി വരുമ്ബോള്‍ ശാന്തയേയും കൊണ്ടു വരണം. ഒരു മണിക്കൂറോളം അമ്മയോട് കഥയൊക്കെ പറഞ്ഞിരുന്നാണ് ചേട്ടൻ പോയതെന്നും ജ്യോതിദേവ് കേശവദേവ് പറഞ്ഞു.

Read Also: QR കോഡുകൾ സ്കാൻ ചെയ്യുംമുൻപ് അറിഞ്ഞിരിക്കേണം, ഈ കാര്യങ്ങൾ..

എനിക്കും അമ്മ തന്നെയാണ് ശാന്താന്റി. വര്‍ഷങ്ങളോളം എന്റെ പേഷ്യന്റായിരുന്നു ശാന്താന്റി. സ്ട്രോക്ക് വന്നതിനു ശേഷം ശാന്താന്റി കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലാണ് ചികിത്സ തേടുന്നത്. എന്നാലും വര്‍ഷത്തില്‍ ഒരു മൂന്നു നാലു തവണയെങ്കിലും കൊച്ചിയില്‍ പോയി ശാന്താന്റിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

Story highlights- mohanlal visits his mother’s friend