‘ഞാനിങ്ങനെ മിന്നാരം സിനിമയിലെ തിലകൻ അങ്കിൾ വരുന്നതുപോലെ നിന്നാൽ മതിയോ?’- രസകരമായ വിഡിയോ പങ്കുവെച്ച് നവ്യ, ഒടുവിലൊരു സർപ്രൈസും!

September 8, 2023

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ് നവ്യ നായർ. അടുത്തിടെ ജാനകി ജാനേ എന്ന ചിത്രത്തിലും നവ്യ വേഷമിട്ടിരുന്നു.

ഇപ്പോഴിതാ, രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ കാഴ്ചകളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ‘ഞാനിങ്ങനെ മിന്നാരം സിനിമയിലെ തിലകൻ അങ്കിൾ വരുന്നതുപോലെ നിന്നാൽ മതിയോ?’ എന്നൊക്കെ നവ്യ ചോദിക്കുന്നുണ്ട്. അപ്പോഴാണ് കേക്കുമായി നവ്യയുടെ സ്റ്റൈലിസ്റ്റ് എത്തുന്നത്. ഒരുവർഷത്തിനിടെ 150 ലുക്കുകളാണ് നവ്യ പരീക്ഷിച്ചത്. ഈ നേട്ടമാണ് കേക്കുമുറിച്ച് ആഘോഷിച്ചത്.

അതേസമയം, അഭിനയത്തിന് പുറമെ മാതംഗി എന്ന പേരിൽ നവ്യ നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. നവ്യ നായർ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ‘ഒരുത്തീ’. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിർവഹിച്ച ചിത്രം ഹിറ്റായി മാറിയിരുന്നു. 6 വർഷത്തെ ഇടവേളയ്‌ക്കൊടുവിലാണ് നടി തിരികെയെത്തിയത്. ഇപ്പോൾ യൂട്യൂബ് ചാനലിലും സജീവമാണ് നവ്യ.

Read Also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് വേണമെങ്കിൽ നവ്യ നായരെ വിശേഷിപ്പിക്കാം. 2010 ൽ വിവാഹിതയായ നവ്യക്ക് ഒരു മകനാണുള്ളത്, സായ് കൃഷ്ണ. മകനൊപ്പമുള്ള നിമിഷങ്ങൾ നവ്യ സ്ഥിരമായി ആരാധകരുമായി പങ്കിടാറുണ്ട്.

Story highlights- navya nair celebrating her 150th look