ചിത്രീകരിച്ച 450 ഷോട്ടുകൾ കാണാതായി; ചന്ദ്രമുഖി 2 റിലീസിന്റെ കാലതാമസത്തെക്കുറിച്ച് സംവിധായകൻ
നടൻ രാഘവ ലോറൻസിന്റെ ‘ചന്ദ്രമുഖി 2’ റിലീസിന് ഒരുങ്ങുകയാണ്. കങ്കണ ചന്ദ്രമുഖിയായി എത്തുമ്പോൾ ഒട്ടേറെ താരങ്ങളാണ് മറ്റു വേഷങ്ങളിൽ അണിനിരക്കുന്നത്. ആദ്യ ഭാഗത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും കോമഡിയുടെ പശ്ചാത്തലത്തിലാണ് എന്ന വ്യത്യാസമുണ്ട്. 17 വർഷത്തിന് ശേഷം അരമന വീട്ടിൽ വീണ്ടും നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്.എന്നാൽ, സിനിമയുടെ റിലീസ് നീണ്ടുപോയത് അപ്രതീക്ഷിതമായാണ്. അതിന്റെ കാരണം വ്യകത്മാക്കിയിരിക്കുകയാണ് സംവിധായകൻ പി വാസു.
ആക്ഷൻ ഡ്രാമയായ ‘ചന്ദ്രമുഖി’യുടെ തുടർച്ച സെപ്തംബർ 28 ന് തിയേറ്ററുകളിൽ റിലീസിന് തയ്യാറെടുക്കുകയാണ്. സെപ്തംബർ 15ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിൽ നിന്നുള്ള 450 ഷോട്ടുകൾ കാണാതായി, ഇത് സെപ്തംബർ 15 ന് റിലീസ് ചെയ്യുന്നതിൽ നിന്ന് സിനിമയുടെ റിലീസ് മാറ്റിവയ്ക്കാൻ കാരണമായി എന്ന് അടുത്തിടെ ഒരു പത്രസമ്മേളനത്തിൽ ചലച്ചിത്ര സംവിധായകൻ പി.വാസു വെളിപ്പെടുത്തി.
താൻ ഞെട്ടിപ്പോയെന്നും 150 ഓളം സാങ്കേതിക വിദഗ്ധർ 4 ദിവസത്തോളം സിനിമാ ഷോട്ടുകൾക്കായി തിരച്ചിൽ നടത്തുകയും പിന്നീട് അവ കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് ഷോട്ടുകൾ എഡിറ്റ് ചെയ്യാൻ കഴിഞ്ഞില്ല, ഇത് സിനിമയുടെ റിലീസ് വീണ്ടും 15 ദിവസം വൈകിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഭാഗം സംവിധാനം ചെയ്ത സംവിധായകൻ പി വാസു തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ആദ്യഭാഗത്തിന്റെ നായകനായ രജനികാന്തിനെ കാണുകയും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ അനുഗ്രഹം തേടുകയും ചെയ്തിരുന്നു രാഘവ ലോറൻസ്. ചിത്രത്തിൽ ചന്ദ്രമുഖിയായി ജ്യോതികയാണ് അഭിനയിച്ചത്. പ്രഭു, വിനീത്, വടിവേലു എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മലയാളത്തിലെ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കാണ് ചന്ദ്രമുഖി. തൃഷയാണ് നായികയായി എത്തുന്നത് എന്നാണ് മുൻപ് സൂചിപ്പിച്ചിരുന്നത്. എന്നാൽ, ‘ചന്ദ്രമുഖി 2’ൽ ലക്ഷ്മി മേനോനും നായികയായി എത്തുന്നുണ്ട്. മലയാളികൾക്ക് സുപരിചിതയാണ് ലക്ഷ്മി മേനോൻ. അതോടൊപ്പം മഹിമ നമ്പ്യാരും വേഷമിടുന്നുണ്ട്.
Story highlights- p vasu about chandramukhi release delay