കനത്ത ചൂടും തീക്കനൽ തീരവും; ലോകത്തിലെ മനോഹരമായ കാഴ്ചകൾ പേറി ബേ ഓഫ് ഫയേഴ്‌സ്

September 3, 2023

ലോകത്തിലെ ഏറ്റവും ചൂടേറിയതും ആകർഷനീയവുമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഓസ്‌ട്രേലിയയിലെ ടാസ്മാനിയൻ ഉൾക്കടലായ ബേ ഓഫ് ഫയേഴ്‌സ് അഥവാ, തീക്കനൽ തീരം. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും അസാധാരണമായ വശ്യഭംഗിയാണ് ബേ ഓഫ് ഫയേഴ്‌സിനുള്ളത്. അസാധാരണമായ രീതിയിൽ തെളിഞ്ഞ നീലക്കടലും, തിളക്കമുള്ള വെളുത്ത കടൽത്തീരവും, ഓറഞ്ച് നിറമാർന്ന പാറകളും കൊണ്ട് കാഴ്ചയുടെ വേറിട്ടൊരു അനുഭൂതിയാണ് ഇവിടം സമ്മാനിക്കുന്നത്. ബിനലോംഗ് ബേ മുതൽ എഡ്ഡിസ്റ്റോൺ പോയിന്റ് വരെ 50 കിലോമീറ്റർ ദൂരത്താണ് ബേ ഓഫ് ഫയർസ് തീരം.

1773ൽ ക്യാപ്റ്റൻ തോബിയാസ് ഫർണിയോക്‌സ് എന്ന കപ്പിത്താൻ ഇതുവഴി സഞ്ചരിക്കുമ്പോൾ അവിടെ താമസിച്ചിരുന്ന ആദിവാസി സമൂഹങ്ങൾ കടൽത്തീരത്ത് തീകൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ അദ്ദേഹമാണ് ഈ തീരത്തിന് ബേ ഓഫ് ഫയർ എന്ന് പേര് നൽകിയത്. ആദ്യത്തെ ടാസ്മാനിയൻ നിവാസികളുടെ അവശേഷിപ്പുകളായ ഷെല്ലുകൾ, അസ്ഥി കൂമ്പാരങ്ങൾ മിഡെൻസ് രൂപത്തിൽ പുല്ലിനകത്തും പുറത്തും ഇപ്പോഴും കാണാം.

കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന തീരം കണ്ടാൽ ഒറ്റകാഴ്ചയിൽ ആളിക്കത്തുന്ന തീയായി തോന്നും. പാറകളിലെ തീക്കനൽ നിറമാണ് ഇതിന് കാരണം. ആൽഗകളുടെയും ഫംഗസിന്റെയും സംയുക്ത പ്രവർത്തനമാണ് പാറകളിലെ ഈ നിറത്തിന്റെ രഹസ്യം. ഈ അപൂർവ കാഴ്ച കാണാനും ചിത്രങ്ങൾ പകർത്താനും കനത്ത ചൂട് വകവയ്ക്കാതെ ആളുകൾ എത്താറുണ്ട്. ഓസ്‌ട്രേലിയയിലെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ബേ ഓഫ് ഫയേഴ്‌സ്.

Read Also: സ്‌കിൻ ടോൺ മനസിലാക്കി അനുയോജ്യമായ നിറങ്ങൾ വസ്ത്രങ്ങൾക്ക് തെരഞ്ഞെടുക്കാം; ഇതാ വഴി!

അവധിക്കാല വസതികളുടെയും ക്യാംപ് സൈറ്റുകളുടെയും മനോഹരമായ ഗ്രാമംകൂടിയാണ് ബിനലോംഗ് ബേ. നീന്തൽ, ബോട്ടിംഗ്, മീൻപിടുത്തം, കയാക്കിംഗ്, നടത്തം എന്നിവയ്ക്ക് അനുയോജ്യമായ ഒരു സ്ഥലം കൂടിയാണിത്. സഞ്ചാരികളെ കാത്ത് സ്‌കെറ്റൺ ബേ, ഗ്രാന്റ്‌സ് പോയിന്റ്, എലിഫന്റ് ഹെഡ് തുടങ്ങി മനോഹരമായ നിരവധി സ്ഥലങ്ങളുമുണ്ട്.

Story highlights- story of bay of fires