തൈറോയ്ഡ് രോഗമുള്ളവർ ജീവിതരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒട്ടേറെ ആളുകളിൽ കണ്ടുവരുന്ന രോഗമാണ്തൈറോയ്ഡ് പ്രശ്നങ്ങൾ. ശരീരത്തിന്റെ രാസവിനിമയത്തെ നിയന്ത്രിക്കുകയും ശരീരത്തിലെ എല്ലാ കോശങ്ങളെയും ടിഷ്യുകളെയും അവയവങ്ങളെയും സ്വാധീനിക്കുകയും ചെയ്യുന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് തൈറോയ്ഡ് സാധ്യത കൂടുതൽ. ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, തൈറോയ്ഡൈറ്റിസ്, തൈറോയ്ഡ് നോഡ്യൂളുകൾ എന്നിവയാണ് സാധാരണ തൈറോയ്ഡ് പ്രശ്നങ്ങൾ.
കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ, ഏതുതരത്തിലുള്ള തൈറോയ്ഡ് പ്രശ്നമാണെങ്കിലും അത് ശരീരത്തിന്റെ മെറ്റബോളിസത്തെ ബാധിക്കുകയും ഹൃദയ രോഗങ്ങൾ, ഓസ്റ്റിയോപൊറോസിസ്, വന്ധ്യത എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
കൃത്യമായ ചികിത്സ, ഭക്ഷണക്രമം, ജീവിതശൈലിയിൽ വരുത്താവുന്ന മാറ്റങ്ങൾ എന്നിവയൊക്കെ കൊണ്ട് രോഗം നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ ഒരു തൈറോയ്ഡ് രോഗി മാറ്റിവയ്ക്കേണ്ട ചില ശീലങ്ങളുണ്ട്.
ഒരു തൈറോയ്ഡ് രോഗിയെ സംബന്ധിച്ചിടത്തോളം, സമ്മർദ്ദം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അമിതമായ സമ്മർദ്ദം തൈറോയ്ഡ് രോഗാവസ്ഥയെ പ്രശ്നത്തിലാക്കും. സമ്മർദ്ദം വരുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നു. അധിക കോർട്ടിസോൾ തൈറോയ്ഡ് ഹോർമോൺ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു.
തൈറോയ്ഡ് രോഗിയെ സംബന്ധിച്ചിടത്തോളം പുകവലി ഒട്ടും നല്ലതല്ല. പുകയിലെ പല ഘടകങ്ങളും തൈറോയ്ഡ് പ്രവർത്തനത്തെ സാരമായി ബാധിക്കും.
തൈറോയ്ഡ് ഹോർമോൺ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരാതെ ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുകയും നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കുകയും വേണം.രോഗം ഭേദമായതായി തോന്നി മരുന്ന് കഴിക്കുന്നത് നിർത്തരുത്. തെറ്റായ അളവിലുള്ള മരുന്ന് തൈറോയ്ഡ് ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും.
തൈറോക്സിൻ ഗുളികകൾ വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ അവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിന് 30 മുതൽ 60 മിനിറ്റ് മുൻപ് വരെ മരുന്ന് കഴിക്കുന്നതാണ് ഉത്തമം. ഫൈബർ, പാൽ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾക്കൊപ്പം തൈറോയ്ഡ് മരുന്ന് കഴിക്കരുതെന്ന് ഓർമ്മിക്കുക.
Story highlights- things you should not do if you are a thyroid patient