“പരസ്പരം കൈത്താങ്ങാവാം”; ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം!!

September 10, 2023

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം. ലോകത്ത് പ്രതിവർഷം എട്ടു ലക്ഷത്തോളം പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. ഇന്ത്യയിൽ ഒന്നരലക്ഷത്തിലധികം പേർ പ്രതിവർഷം ജീവനൊടുക്കുന്നു. മാനസികാരോഗ്യ സംരക്ഷണത്തെപ്പറ്റി ജനതയിൽ അവബോധം സൃഷ്ടിച്ചാൽ തന്നെ ആത്മഹത്യ വലിയൊരു പരിധി വരെ ഒഴിവാക്കാനാകും. ( World Suicide Prevention Day 2023 )

ആത്മഹത്യയ്ക്കെതിരെ നിലകൊള്ളുന്നവരെപ്പോലും ചിലപ്പോഴത് കീഴ്പ്പെടുത്തിക്കളയും. ഏകാന്തത കൂടുതലായി വേട്ടയാടാൻ തുടങ്ങുമ്പോൾ, ജീവിതം ഒരു തരത്തിലും മുന്നോട്ടുപോകില്ലെന്ന് ധരിക്കുമ്പോൾ, നൈരാശ്യതയിൽപ്പെട്ടുഴലുമ്പോൾ അവസാന ആശ്രയമെന്നോണമാണ് പലരും ആത്മഹത്യയിൽ അഭയം തേടുന്നത്. കുടുംബസംഘർഷങ്ങളും പ്രണയപരാജയങ്ങളും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ജീവനെടുക്കുന്നതിലേക്ക് നയിക്കുന്നു.

അന്യന്റെ ദുഖത്തിൽ പങ്കുചേരാനും വേദനിക്കുന്നവരെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടാനുമൊക്കെ സമൂഹം ശ്രമിച്ചാൽ ആത്മഹത്യകൾ വലിയൊരു പരിധി വരെ ഒഴിവാക്കാനാകും. ജനതയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് പക്ഷേ പരമപ്രധാനം. ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യം സംരക്ഷിക്കുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ വിഷാദരോഗത്തിന്റെ ലക്ഷണം കണ്ടാലുടനെ തന്നെ മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സ തേടാൻ മറക്കരുത്.

Read Also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

കേരളത്തിൽ പ്രതിദിനം 26 ആത്മഹത്യകളും 523 ആത്മഹത്യാശ്രമങ്ങളും നടക്കുന്നുവെന്നാണ് കണക്കുകൾ. ആത്മഹത്യനിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ജീവരക്ഷ എന്ന പേരിൽ സംസ്ഥാനമൊട്ടാകെ കേരള സർക്കാർ ആത്മഹത്യ പ്രതിരോധ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. വിഷമത അനുഭവിക്കുന്ന ജനങ്ങളുമായി അടുത്തിടപഴകുന്ന ആരോഗ്യപ്രവർത്തകർ, അധ്യാപകർ, പൊലീസുകാർ, ജനപ്രതിനിധികൾ, പുരോഹിതർ എന്നിവർക്ക് മാനസികമായ പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056

Story Highlights: World Suicide Prevention Day 2023