2500 വർഷങ്ങളായി അണയാതെ കത്തുന്ന പാറക്കൂട്ടം; തുർക്കിയിലെ അത്ഭുതക്കാഴ്ച

September 20, 2023

തടാകങ്ങൾക്കും പർവ്വതങ്ങൾക്കും പുറമെ ജ്വലിക്കുന്ന സൗന്ദര്യം കൂടിയുണ്ട് തുർക്കിയ്ക്ക്. എട്ടു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമെന്നതു തന്നെയാണ് തുർക്കിയുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ, തുര്‍ക്കിയിലെ യനാർട്ടാസ് പർവ്വതമാണ് സഞ്ചാരികളെ അത്ഭുതപ്പെടുത്തി നിലകൊള്ളുന്നത്. ദൂരെക്കാഴ്ചയ്ക്ക് ഒരു സാധാരണ പർവ്വതമാണെങ്കിലും അടുത്തെത്തുമ്പോൾ പാറക്കൂട്ടങ്ങൾക്കിടയിൽ തീജ്വലകൾ കാണാം.

പലയിടങ്ങളിലായി തീനാളങ്ങൾ ആളിക്കത്തുകയാണ് യനാർട്ടാസ് പർവ്വതത്തിൽ. അമ്പരപ്പിക്കുന്ന വസ്തുത എന്തെന്നാൽ 2500 വർഷമായി ഇങ്ങനെ തീനാളങ്ങൾ അണയാതെ കത്തുകയാണ്. പാറകള്‍ക്കിടയിലൂടെ പുറത്തേക്ക് വരുന്ന മീഥെയ്ൻ വാതകത്തിന്‍റെ സാന്നിധ്യമാണ് ഈ തീനാളങ്ങൾക്ക് പിന്നിൽ.

തെക്ക് പടിഞ്ഞാറൻ തുർക്കിയിലെ അന്റാലിയ പ്രവിശ്യയിലെ ഒളിമ്പോസ് താഴ്‌വരയ്ക്കും ദേശീയ ഉദ്യാനത്തിനും സമീപമാണ് യനാർട്ടാസ് സ്ഥിതിചെയ്യുന്നത്. തുര്‍ക്കി ഭാഷയില്‍ ‘കത്തുന്ന കല്ല്‌’ എന്നാണ് യനാർട്ടാസ് എന്ന വാക്കിനര്‍ത്ഥം. സ്ധാരാളം സഞ്ചാരികൾ ഈ കത്തുന്ന പാറക്കൂട്ടം കാണാൻ എത്താറുണ്ട്.

Read also: കുപ്പിവള നൽകി കളക്ടർ; അവകാശ രേഖയ്‌ക്കൊപ്പം വളയും പുത്തൻ വസ്ത്രങ്ങളും നൽകി ദിവ്യ എസ് അയ്യർ

അവിടെയെത്തുമ്പോൾ സഞ്ചാരികൾ ആഹാരം പാകം ചെയ്യാൻ ഈ തീയാണ് ഉപയോഗിക്കുന്നത്. രാത്രിയിൽ തീജ്വലയുടെ പശ്ചാത്തലത്തിൽ ഈ പ്രദേശം കാണാൻ മനോഹരമായതുകൊണ്ട് സന്ധ്യാസമയത്താണ് സഞ്ചാരികൾ എത്തുന്നത്. തീ കത്തുന്ന പാറക്കൂട്ടങ്ങള്‍ക്ക് തൊട്ടുതാഴെയായി ഗ്രീക്ക് ദേവനായ ഹെഫൈസ്റ്റോസിന്‍റെ ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങൾ കാണാം. തീയും ക്ഷേത്രത്തിന്റെ അവശിഷ്ടവും കാണാൻ നിരവധി ആളുകളാണ് എത്താറുള്ളത്.

Story highlights- yanarats eternal flames