സ്റ്റേഷനിൽ പോകാതെ പോലീസിൽ പരാതി നൽകാം..

September 2, 2023

പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി കൊടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, അങ്ങനെ പോകാതെ തന്നെ പരാതി കൊടുക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ഏതെങ്കിലും പോലീസ് ഓഫീസിലോ പരാതി നൽകാനുണ്ടോ? ഇവിടങ്ങളിൽ നേരിട്ട് പോകാതെ തന്നെ കയ്യിലുള്ള സ്മാർട്ട് ഫോണിലൂടെ പരാതി നൽകുവാനുള്ള സൗകര്യം കേരള പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം. പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നല്കണം. തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നൽകിയശേഷം അനുബന്ധമായി രേഖകൾ നല്കാനുണ്ടെങ്കിൽ അതുകൂടി അപ്‌ലോഡ് ചെയ്യാവുന്നതാണ്. അടുത്തതായി, ആർക്കെതിരെയാണോ പരാതി നൽകുന്നത് (എതിർകക്ഷി അല്ലെങ്കിൽ സംശയിക്കുന്ന ആളുടെ) വിവരങ്ങൾ കൂടി നൽകി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്.

Read Also: ഓട്ടോറിക്ഷയുടെ ഉള്ളിൽ മിനി ഗാർഡൻ ഒരുക്കി ഡ്രൈവർ; കൗതുക കാഴ്ച

പോലീസ് സ്റ്റേഷൻ മുതൽ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമർപ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും.

Story highlights- You can file a complaint without going to the station