ഇരുന്നു മടുത്തോ? ദിവസവും 20 മിനിട്ടു മതി ഉഷാറാവാനെന്നു പുതിയ പഠനം!

October 30, 2023

അമിതമായ ഇരിപ്പ് നമ്മിൽ മിക്കവർക്കും ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യം നമ്മുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് നമ്മൾ പലതവണ കേട്ടിട്ടുമുണ്ട്. എന്നാൽ ദിവസവും 20 മിനിട്ട് വ്യായാമം ചെയ്യുന്നതിലൂടെ ദീർഘനേരം ഇരിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കാൻ സാധിക്കുമെന്ന് സമീപകാല ഗവേഷണങ്ങൾ കണ്ടെത്തി. (20 minutes to beat damaging effects of prolonged sitting)

ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ 22 മിനിറ്റ് മിതമോ ഊർജസ്വലമോ ആയ പ്രവർത്തനങ്ങളിലൂടെ നമ്മുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുമെന്ന് പറയുന്നു. ഒരു വ്യക്തിയുടെ പ്രവർത്തന നില വർദ്ധിക്കുന്നതിനനുസരിച്ച്, ഏതെങ്കിലും രോഗം ബാധിച്ച് അകാലത്തിൽ മരണപ്പെടാനുള്ള സാധ്യത കുറയുന്നതായും വിദഗ്ധർ കണ്ടെത്തി.

ഇരിക്കുന്നതിന്റെ ദോഷകരമായ ആരോഗ്യ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാൻ ആഴ്ചയിൽ 150 മിനിറ്റ് പ്രവർത്തനം മതിയാകുമെന്നാണ് പഠനത്തിന്റെ പ്രധാന രചയിതാവ്, നോർവേയിലെ ആർട്ടിക് സർവകലാശാലയിലെ ഗവേഷകനായ എഡ്വാർഡ് സഗെൽവ് പറയുന്നത്. ഇപ്പറഞ്ഞവയിൽ വേഗതയുള്ള നടത്തം, പൂന്തോട്ടപരിപാലനം അല്ലെങ്കിൽ ഒരു കുന്നിൻ മുകളിലേക്കുള്ള നടത്തം എന്നിവ പോലെ നമുക്ക് ആസ്വദിക്കാൻ പാകത്തിലുള്ള എന്തും ഉൾപ്പെടുത്താം.

Read also: വീട് വൃത്തിയാക്കുമ്പോൾ സൂക്ഷിച്ചോളൂ; ചിലപ്പോൾ കോടികൾ തടഞ്ഞാലോ!

150 മിനിട്ടുകൾ നമുക്ക് ദൈർഘ്യമേറിയതായി തോന്നുമെങ്കിലും എഡ്വാർഡ് ഇവയെ അനായാസം പറഞ്ഞു തരുന്നു. ഒരു ദിവസത്തിൽ 20 മിനിറ്റ് മാത്രം മതി, അതായത്, ദിവസത്തിൽ രണ്ടുതവണ 10 മിനിറ്റ് ഒരു ചെറിയ നടത്തം. ഉദാഹരണത്തിന് നമുക്ക് എത്തേണ്ട സ്ഥലത്തിനും ഒരു സ്റ്റോപ്പ് മുന്നേ ഇറങ്ങി നടക്കാം. നമ്മൾ പോലും അറിയാതെ ശരീരത്തിനു ഇത്തരത്തിലുള്ള ചെറു ഉപകാരങ്ങൾ ചെയ്യാൻ നമുക്ക് കഴിയും. ഒരു കടമ എന്നതിലുപരി ആസ്വാദനത്തിനുള്ള മാർഗ്ഗം കൂടിയായി ഇതിനെ കണ്ടാൽ അനായാസം നമുക്ക് ലക്ഷ്യത്തിലെത്താൻ സാധിക്കും.

അടുത്ത തവണ തൊട്ടടുത്തുള്ള സ്റ്റോപ്പിലേക്ക് വണ്ടി എടുക്കുന്നതിനുപകരം ഒരു ചെറു നടത്തമാവാം. കുറെ ഇരിക്കാനുള്ളതല്ലേ!!!

Story highlights: 20 minutes to beat damaging effects of prolonged sitting