വീട് വൃത്തിയാക്കുമ്പോൾ സൂക്ഷിച്ചോളൂ; ചിലപ്പോൾ കോടികൾ തടഞ്ഞാലോ!

October 28, 2023

വീട് വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ മറന്നു വെച്ച കാശ്, മിട്ടായികൾ, കുറെ നാളായി തിരഞ്ഞു നടന്ന തുണികൾ, വാച്ച്, ഇവയൊക്കെ അപൂർവമായി പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ യു എസിലെ മസാച്ചുസെറ്റ്സിലുള്ള ഒരു വീട്ടുജോലിക്കാരൻ്റെ പതിവ് വൃത്തിയാക്കൽ വീട്ടുടമയുടെ തലവര തന്നെ മാറ്റിമറിച്ചു. ഒരു മില്യൺ ഡോളർ വിലയുള്ള ലോട്ടറി ടിക്കറ്റാണ് വീട്ടിൽ ഒളിഞ്ഞിരുന്നത്. (Man wins one million dollar from long-lost lottery)

മസാച്ചുസെറ്റ്സ് സ്വദേശിയായ ഖലീൽ സൗസ ഏകദേശം ഒരു മാസം മുൻപ് മെഡ്‌ഫോർഡിൽ നിന്നും മസാച്ചുസെറ്റ്സ് സംസ്ഥാന ലോട്ടറി, ’15 മില്യൺ മണി മേക്കർ സ്ക്രാച്ച്’ ടിക്കറ്റ് വാങ്ങി. മറന്നു വെച്ച ഈ ടിക്കറ്റാണ് വീട്ടിലെ ഒരു കൂടയിൽ നിന്നും ജോലിക്കാരൻ കണ്ടെത്തിയത്. ഏകദേശം 8 കോടി രൂപയിലധികം വില വരുമിത്.

Read also: ഗർബ കളിക്കിടെ ഹൃദയാഘാതമരണങ്ങൾ; സംഭവിച്ചതെങ്ങനെ, കാരണങ്ങൾ അറിയാം!

ഉടനെ തന്നെ സൗസ അധികൃതരെ വിവരം അറിയിച്ചു. നികുതി ഇളവുകൾ എല്ലാം കഴിഞ്ഞ് 650,000 ഡോളർ അദ്ദേഹത്തിന് ലഭിച്ചു. തനിക്കു ലഭിച്ച തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് സുഹൃത്തിനെ സഹായിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാനുമാണ് സൗസയുടെ തീരുമാനം. ടോണീസ് കൺവീനിയൻസിൽ നിന്നുമാണ് ടിക്കറ്റ് വാങ്ങിയത്. കടയുടമകൾക്ക് പതിനായിരം ഡോളർ ബോണസായും ലഭിക്കും.

ഇനി ചൂലെടുത്ത് അടിച്ചു വാരാൻ ഇറങ്ങുമ്പോൾ സൂക്ഷിച്ചോളൂ, ചിലപ്പോൾ ഭാഗ്യം ഒളിഞ്ഞിരുപ്പുണ്ടെങ്കിലോ!

Story highlights: Man wins one million dollar from long-lost lottery